കുന്ദമംഗലത്ത് വിദേശ മദ്യഷാപ്പ് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെ
കുന്ദമംഗലം: ദേശീയപാത 212ലെ പാതയോരത്തു വിദേശ മദ്യഷാപ്പ് പ്രവര്ത്തിച്ചുവരുന്നതു ഗ്രാമപഞ്ചായത്തിന്റെ അനുമതി കൂടാതെയാണെന്ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി. ഹബീബ് കാരന്തൂര്‍ എന്നയാള്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണു ഗ്രാമപഞ്ചായത്തക്ക് സെക്രട്ടറി മറുപടി നല്‍കിയത്.
നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ചട്ടങ്ങള്‍ മറികടന്നു ക്രമവിരുദ്ധമായാണ് ഈ മദ്യഷാപ്പ് പ്രവര്‍ത്തിച്ചുവരുന്നത്. സമീപത്തെ വിവിധ സ്കൂളുകളിലേക്കു പോകുന്ന വിദ്യാര്‍ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും നേരെ ഇവിടെ മദ്യപന്മാരുടെ ശല്യവും ഉപദ്രവും രൂക്ഷമാണ്. ഏറെ തിരക്കുള്ള വയനാട്, കോഴിക്കോട് ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങള്‍ ഇവിടെ ദീര്‍ഘനേരം ഗതാഗത കുരുക്കില്‍ അകപ്പെടുന്നതും പതിവാണ്.
നേരത്തെ പൊലിസ്, എക്സൈസ്, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുക്കം റോഡിലെ ചെത്തുകടവ് ഭാഗത്തേക്കു മദ്യഷാപ്പ് മാറ്റാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്നു ജില്ലാ ഭരണകൂടം നീക്കത്തില്‍ നിന്നു പിന്തിരിയുകയായിരുന്നു.
അതേസമയം, ലൈസന്‍സില്ലാത്ത സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഒന്‍പതോളം പേരില്‍ നിന്നായി 8,000ത്തോളം രൂപ തൊഴില്‍ നികുതി ഇനത്തില്‍ പിരിക്കുന്നതായും സെക്രട്ടറി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."