പൊലിസുകാരെ വേട്ടയാടാന്‍ സംഘ്പരിവാര്‍; യതീഷ് ചന്ദ്രക്കെതിരേ നോട്ടിസ്
ഹംസ ആലുങ്ങല്‍
കോഴിക്കോട്: ശബരിമല വിഷയത്തില്‍ 'ഹിറ്റ്‌ലിസ്റ്റില്‍' പെടുത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതികാര നടപടികളുമായി സംഘ്പരിവാര്‍. ഇവരെ തിരഞ്ഞുപിടിച്ച് കടന്നാക്രമിച്ചും പ്രതിഷേധങ്ങള്‍ക്ക് വഴങ്ങാത്തവരെ നിയമനടപടികളിലൂടെ ഒതുക്കുകയുമാണ് ലക്ഷ്യം.
നോട്ടപ്പുള്ളികളായ പൊലിസുകാരുടെ ലിസ്റ്റ് കൈവശമുണ്ടെന്നും ഇവരുടെ പേരിലെല്ലാം നിയമനടപടി സ്വീകരിക്കുമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ഇന്നലെ വീണ്ടും ആവര്‍ത്തിച്ചിരുന്നു. ഇവരെ പിന്തുടര്‍ന്ന് നിയമനടപടികളിലൂടെയും മറ്റും വേട്ടയാടുന്നതിലൂടെ പ്രശ്‌നം സജീവമാക്കി നിലനിര്‍ത്തുകയാണ് ലക്ഷ്യം. പലയിടത്തും ഇതിന്റെ സൂചനാസമരങ്ങളും പ്രതിഷേധങ്ങളും ആരംഭിച്ചിട്ടുണ്ട്.
ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.പി യതീഷ് ചന്ദ്രക്കെതിരേ നിയമനടപടി സ്വീകരിച്ചത് ഇതിന്റെ ആദ്യ പടിയായാണ്. യതീഷ് ചന്ദ്രക്കെതിരേ സംഘ്പരിവാര്‍ കടന്നാക്രമണം രൂക്ഷമായതിനെ തുടര്‍ന്നാണ് നിലയ്ക്കലില്‍ സ്‌പെഷല്‍ ഓഫിസറുടെ ചുമതലയില്‍ നിന്ന് അദ്ദേഹത്തെ തൃശൂരിലേക്കു മാറ്റിയത്. തൃശൂരിലും സംഘ്പരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. നവംബര്‍ 30 വരെയായിരുന്നു നിലയ്ക്കലില്‍ യതീഷ് ചന്ദ്രക്ക് ചുമതലയുണ്ടായിരുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയുടെ അറസ്റ്റ്, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ അറസ്റ്റ്, കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണനോട് തട്ടിക്കയറി സംസാരിച്ചു എന്നിവയാണ് യതീഷ് ചന്ദ്രയെ സംഘ്പരിവാറിന്റെ നോട്ടപ്പുള്ളിയാക്കിയത്. സുരേന്ദ്രനെ പുറത്തിറക്കാതെ പീഡിപ്പിക്കാന്‍ നിലനില്‍ക്കാത്ത വകുപ്പുകള്‍ ചേര്‍ക്കുകയായിരുന്നു എസ്.പിയെന്ന് ബി.ജെ.പി ആരോപണമുയര്‍ത്തിയിരുന്നു.
കെ.പി ശശികലയുടെ മകനും അധ്യാപകനുമായ കെ.പി വിജീഷാണ് കൊച്ചിയിലെ അഡ്വ. അര്‍ജുന്‍ ശ്രീധര്‍ മുഖേനെ യതീഷ്ചന്ദ്രക്കെതിരേ ഇന്നലെ സ്റ്റാറ്റിയൂട്ടറി നോട്ടിസ് അയച്ചത്. സിവിലായും ക്രിമിനലായും യതീഷ്ചന്ദ്രയെ പ്രതിയാക്കാനാണ് നോട്ടിസ് വഴി ലക്ഷ്യമിടുന്നത്.
സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ പൊലിസ് ഓഫിസര്‍മാര്‍ക്കെതിരേ വ്യവഹാരം നടത്താന്‍ സാധിക്കുകയുള്ളൂവെങ്കിലും ഈ കേസ് അനുമതി കൂടാതെ ഫയല്‍ ചെയ്യാന്‍ സാധിക്കത്തക്ക വിധത്തിലാണ് തയാറാക്കിയിട്ടുള്ളതെന്നാണ് അഭിഭാഷകന്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."