അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ തോത് റെക്കോര്‍ഡില്‍: യു.എന്‍ ചൂട് കൂടും; സമുദ്രത്തിലെ ജലനിരപ്പ് ഉയരും
ദശാബ്ദത്തിലെ വാര്‍ഷിക ശരാശരിയെക്കാള്‍ കൂടുതല്‍
ജനീവ: കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നായ അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കഴിഞ്ഞവര്‍ഷം പുതിയ റെക്കോര്‍ഡിലെത്തിയെന്ന് യു.എന്‍.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പാരിസ് ഉടമ്പടി എല്ലാ രാജ്യങ്ങളും അംഗീകരിച്ചതാണെങ്കിലും ഹരിതഗൃഹവാതകങ്ങളുടെ തോത് കുറയുന്ന ലക്ഷണമില്ല. 2017ല്‍ 405.5 പി.പി.എം കാര്‍ബണ്‍ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടത് 2018ല്‍ 407.8 പി.പി.എമ്മിലെത്തിയതായി ലോക കാലാവസ്ഥാ സംഘടനയുടെ വാര്‍ഷിക ഹരിതഗൃഹവാതക ബുള്ളറ്റിനില്‍ പറയുന്നു.
ഈ വര്‍ധന കഴിഞ്ഞ ദശാബ്ദത്തിലെ വാര്‍ഷിക ശരാശരിയെക്കാള്‍ കൂടുതലാണ്. അപകടകാരികളായ മീഥെയിനിന്റെയും നൈട്രസ് ഓക്‌സൈഡിന്റെയും തോതും റെക്കോര്‍ഡ് നിലയിലെത്തി. 1990 മുതല്‍ ആഗോളതാപനം 43 ശതമാനമാണ് വര്‍ധിച്ചത്. ഇതിനുകാരണം ഹരിതഗൃഹവാതകങ്ങളുടെ ഉയര്‍ന്ന അളവാണ്.
അന്തരീക്ഷത്തില്‍ ഹരിതഗൃഹവാതകങ്ങളുടെ തോത് ഉയര്‍ന്നനിലയില്‍ തുടരുന്നത് ഭാവി തലമുറ കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിന് ഇടയാക്കും. ചൂട് കൂടുകയും സമുദ്രത്തിലെ ജലവിതാനം ഉയരുകയും ചെയ്യും- ബുള്ളറ്റിന്‍ മുന്നറിയിപ്പ് നല്‍കുന്നു.ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും കല്‍ക്കരി കത്തിക്കുന്നതും വനനശീകരണവുമാണ് ഹരിതഗൃഹവാതക തോത് വര്‍ധിക്കാന്‍ കാരണം. പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളില്‍ 25 ശതമാനവും ജൈവമണ്ഡലവും സമുദ്രവും ആഗിരണം ചെയ്യുകയാണ് പതിവ്. ഇത് ഭൂമിയുടെ ജൈവഘടനയെ സാരമായി ബാധിക്കും.
ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തണമെങ്കില്‍ പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് പൂജ്യത്തിലെത്തണമെന്ന് യു.എന്നിന്റെ കാലാവസ്ഥാ വ്യതിയാന അന്തര്‍ സര്‍ക്കാര്‍ പാനല്‍ നിഷ്‌കര്‍ഷിക്കുന്നു. അഥവാ അന്തരീക്ഷത്തിലെത്തുന്ന അത്രതന്നെ നീക്കം ചെയ്യപ്പെടണം. ഇത് മരങ്ങള്‍ ആഗിരണം ചെയ്‌തോ സാങ്കേതിക വിദ്യയിലൂടെയോ ആവാം.
അടുത്തയാഴ്ച മാഡ്രിഡില്‍ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയില്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ചയാവും. 200 രാജ്യങ്ങളുടെ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."