വാഹനപരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്
ആലക്കോട്: മലയോര മേഖലയില്‍ വാഹനങ്ങളിലുള്ള മദ്യക്കടത്ത് പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പത്തോളം വാഹനങ്ങളാണ് മലയോര മേഖലയില്‍ എക്‌സൈസ് സംഘം പിടികൂടിയത്. എക്‌സൈസിന്റെയും പൊലിസിന്റെയും കണ്ണുവെട്ടിച്ച് കടത്തുന്ന മദ്യക്കുപ്പികള്‍ ഇരട്ടി വിലക്കാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്. ജീപ്പ്, ഓട്ടോറിക്ഷ, കാര്‍ തുടങ്ങി ബൈക്കുകളില്‍ വരെ വന്‍തോതില്‍ മദ്യം കടത്തുന്നുണ്ട്. മദ്യശാലകള്‍ ഇല്ലാത്ത മലയോര ഗ്രാമങ്ങളില്‍ സമാന്തര ബാറുകളും കുറവല്ല. ഓണക്കാലം അടുത്തതോടെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് വ്യാജവാറ്റും സജീവമാണ്. മദ്യം കടത്തുന്ന വാഹനങ്ങള്‍ ഓരോ ദിവസവും കൂടി വരുന്നതായാണ് എക്‌സൈസ് വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അധികൃതരുടെ കണ്ണുവെട്ടിച്ച് അമിത വേഗതയിലാണ് ഇവര്‍ വാഹനവുമായി കടന്നു കളയുന്നത്. ബിവറേജ് കോര്‍പറേഷന്റെ ചില്ലറ വില്‍പ്പന ശാലയില്‍ നിന്നു വാങ്ങിക്കുന്ന മദ്യക്കുപ്പികള്‍ ഇതിലൂടെ ഇരട്ടി വിലക്കാണ് ആവശ്യക്കാരിലേക്ക് എത്തുന്നത്. ആവശ്യത്തിനു സുരക്ഷാ സംവിധാനമില്ലാത്തതിനാല്‍ ജീവന്‍ പണയം വെച്ചാണ് പല വാഹനങ്ങളും പിന്തുടര്‍ന്ന് പിടിക്കുന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹേമന്ത് കുമാര്‍ പറഞ്ഞു. കസ്റ്റഡിയില്‍ എടുക്കുന്ന വാഹനങ്ങള്‍ കൊണ്ട് ഓഫിസ് പരിസരങ്ങള്‍ നിറയുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും വാഹന പരിശോധനക്ക് തടസമാകുന്നുണ്ട്. ഒരിക്കല്‍ കേസില്‍ പെടുന്നവര്‍ ജാമ്യത്തില്‍ ഇറങ്ങുന്നതോടെ വീണ്ടും ഈ രംഗത്ത് സജീവമാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."