വനാതിര്‍ത്തിയില്‍ വൈദ്യുതി വേലി തകര്‍ന്നു:കാട്ടാന ഭീതിയില്‍ നാട്ടുകാര്‍
ചെറുപുഴ: വൈദ്യുതി വേലി തകര്‍ന്നതിനെത്തുടര്‍ന്ന് ഒരു പ്രദേശം മുഴുവന്‍ കാട്ടാന ഭീതിയെത്തുടര്‍ന്ന് ഉറക്കമില്ലാത്ത അവസ്ഥയില്‍. ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്പ്, കോഴിച്ചാല്‍, മീന്തുള്ളി, ആറാട്ടുകടവ്, കാനംവയാല്‍ പ്രദേശങ്ങളാണ് കാട്ടാനഭീതിയില്‍ കഴിയുന്നത്. മഴക്കാലം വന്നടുക്കുമ്പോള്‍ ഈ പ്രദേശക്കാര്‍ക്ക് ഉള്ളില്‍ തീയാണ്. കര്‍ണാടക വനാതിര്‍ത്തിയോടു ചേര്‍ന്ന് താമസിക്കുന്ന ഇവര്‍ രാപ്പകല്‍ ഇല്ലാതെ അധ്വാനിച്ചുണ്ടാക്കിയ കൃഷിയിടം ഏതുനിമിഷവും കാട്ടാനകളാല്‍ നശിപ്പിക്കപ്പെടും. മഴക്കാലം വന്നാല്‍ ആനകള്‍ കൂട്ടത്തോടെ കാടിറങ്ങി നാട്ടിലെത്തുന്നതാണ് പതിവ്. ഇവ കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കും. ഈ സ്ഥിതി കാലങ്ങളായി തുടര്‍ന്നപ്പോള്‍ സര്‍ക്കാര്‍ വൈദ്യുതി വേലി നിര്‍മിക്കുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.ബി ഗണേഷ് കുമാര്‍ വനംമന്ത്രിയായിരുന്നപ്പോഴാണ് വേലി നിര്‍മാണം പൂര്‍ത്തിയാക്കിയത്. പുളിങ്ങോം മുതല്‍ കാനംവയല്‍ വരെ കിലോമീറ്ററുകള്‍ ദൂരത്തിലാണ് വൈദ്യുതി വേലി നിര്‍മിച്ചത്.അതോടെ ഇവിടുത്തെ കര്‍ഷകര്‍ മനസമാധാനത്തോടെ ഉറങ്ങിത്തുടങ്ങി. പക്ഷെ വേലിയുടെ പ്രവര്‍ത്തനം ചുരുങ്ങിയ നാളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കാട്ടില്‍ പ്രവേശിക്കുന്നതിന് വേലി തടസ്സമായി വന്നപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ തന്നെ ഈ പദ്ധതിയുടെ കടയ്ക്കല്‍ കത്തിവച്ചു. അതോടെ വൈദ്യുതി കടത്തിവിടാന്‍ പറ്റാതെ വന്നു. ഇതോടെ വേലികളെല്ലാം തുരുമ്പെടുത്തും കാടുകയറിയും നശിക്കുകയും ചെയ്തു. ഇപ്പോള്‍ കാര്യങ്ങളെല്ലാം പഴയ സ്ഥിതിയിയിരിക്കുകയാണ്. ഇപ്പോള്‍ ആന വരുന്നതും നോക്കി ടിന്നും പടക്കവും തീപ്പന്തവുമായി കാത്തിരിക്കുന്ന അവസ്ഥയിലാണ് ഇവിടുത്തെ കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."