സ്വര്‍ണക്കപ്പ് എത്തി രജിസ്‌ട്രേഷന്‍ നാളെ മുതല്‍
സ്വന്തം ലേഖകന്‍
കാഞ്ഞങ്ങാട്: സപ്തഭാഷാ സംഗമഭൂമിയില്‍ 28 വര്‍ഷത്തിനുശേഷം വിരുന്നെത്തിയ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആരവമുയര്‍ത്തി സ്വര്‍ണക്കപ്പ് എത്തി. കോഴിക്കോട് നിന്നെത്തിച്ച സ്വര്‍ണക്കപ്പ് ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് വച്ച് വിദ്യാര്‍ഥികള്‍ ഏറ്റുവാങ്ങി കലോത്സവനഗരിയായ കാഞ്ഞങ്ങാട്ട് എത്തിച്ചു.
അവസാന മിനുക്കുപണികളിലാണ് വേദികള്‍. പണി പൂര്‍ത്തീകരിച്ച് പന്തലുകള്‍ ഇന്ന് കൈമാറും. നാളെ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. അപ്പീലുകള്‍കൂടി കണക്കിലെടുത്താല്‍ 10,000 മത്സരാര്‍ഥികള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. 28ന് രാവിലെ എട്ടിന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ.ജീവന്‍ ബാബു പതാക ഉയര്‍ത്തുന്നതോടെയാണ് കലാമാമാങ്കത്തിന് തുടക്കമാകുക. തുടര്‍ന്ന് 28 വേദികളിലും മത്സരങ്ങള്‍ ആരംഭിക്കും. മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ പേരിലുള്ള മുഖ്യവേദിയായ ഐങ്ങോത്ത് രാവിലെ 9ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ 60ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.
റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായിരിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ കെ.കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, എം.രാജഗോപാലന്‍, എം.സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു സംബന്ധിക്കും. ചലച്ചിത്ര താരങ്ങളായ ജയസൂര്യ, വിന്ദുജാ മേനോന്‍, രമേഷ് പിഷാരടി എന്നിവരും പങ്കെടുക്കും. പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ.ജീവന്‍ ബാബു സ്വാഗതവും സെക്രട്ടറി എ.ഷാജഹാന്‍ നന്ദിയും പറയും.
ഡിസംബര്‍ ഒന്നിന് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ പതാക കൈമാറും.
റെയില്‍വേ സ്റ്റേഷനിലും ബസ്സ്റ്റാന്‍ഡിലും എത്തുന്ന മത്സരാര്‍ഥികളെ വേദികളിലേക്ക് എത്തിക്കാന്‍ 40 ബസുകള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഈ ബസുകള്‍ ഓരോ വേദികളില്‍ നിന്നും അഞ്ചു മിനിറ്റ് ഇടവിട്ട് സര്‍വിസ് നടത്തും. 27, 28 തിയതികളില്‍ റെയില്‍വേ മാര്‍ഗം വരുന്ന മത്സരാര്‍ഥികള്‍ക്ക് സ്വീകരണം നല്‍കും. മത്സരാര്‍ഥികള്‍ക്ക് വേദികള്‍ക്കരികിലുള്ള 500 വീടുകളില്‍ താമസസൗകര്യമൊരുക്കും.
ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ആദ്യദിനം 74 ഇനങ്ങളിലായി 2,700 പേരും രണ്ടാംദിനം 77 ഇനങ്ങളിലായി 2,950, മൂന്നാംദിനം 74 ഇനങ്ങളിലായി 2600, നാലാംദിനം 14 ഇനങ്ങളിലായി 510 പേരുമാണ് വിവിധ ജില്ലകളില്‍ നിന്ന് യോഗ്യത നേടി കാഞ്ഞങ്ങാട്ടെ വേദികളില്‍ എത്തുന്നത്.
കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മത്സരങ്ങള്‍ സമയബന്ധിതമായി പിഴവില്ലാതെ നടത്താനുള്ള തയാറെടുപ്പുകളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."