വ്യാപക അക്രമം
കണ്ണൂര്‍: ബി.ജെ.പി ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെ ജില്ലയില്‍ മൂന്നിടത്ത് അക്രമം. വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. തളിപ്പറമ്പ് ചിറവക്കിലും ചൊക്ലി ഒളവിലത്തുമാണു നിരത്തിലിറങ്ങിയ യാത്രക്കാരുടെ വാഹനങ്ങള്‍ തകര്‍ത്തത്. എടക്കാട് സി.പി.എം ഓഫിസും തലശ്ശേരി പാറാലില്‍ സി.പി.എം ഓഫിസും ബസ് ഷല്ട്ടറും ആക്രമിക്കപ്പെട്ടു. തളിപ്പറമ്പില്‍ രണ്ടു കാറുകളും ഒരു ഓട്ടോറിക്ഷയുമാണു തകര്‍ത്തത്. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. രോഗികളെ കൊണ്ടുപോകുന്നതും വിവാഹത്തില്‍ പങ്കെടുത്തു വരുന്നവരുന്നവരുടെയും വാഹനങ്ങളാണു തകര്‍ത്തത്. പരിയാരം സി.എച്ച് സെന്ററില്‍ നിന്നു ഡയാലിസിസ് ചെയ്ത രോഗിയുമായി മടങ്ങുകയായിരുന്ന കൂവേരി സ്വദേശി സുനില്‍കുമാറിന്റെ കാര്‍ ചിറവക്ക് ഇറക്കത്തില്‍ നിന്ന് അരവത്ത് അമ്പലത്തിലേക്കുള്ള റോഡില്‍ നിന്നുമാണ് അക്രമികള്‍ എറിഞ്ഞുതകര്‍ത്തത്. വാഹനത്തിന്റെ ചില്ലില്‍ ആശുപത്രി എന്ന ബോര്‍ഡ് പതിച്ചിരുന്നു. രോഗിയുമായി വരുന്ന വാഹനമാണെന്നു വിളിച്ചു പറഞ്ഞെങ്കിലും മൂന്നംഗ അക്രമിസംഘം ചെവിക്കാണ്ടില്ല. പുളിയൂലില്‍ നിന്നു രോഗിയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് മടങ്ങുകയായിരുന്ന എന്‍. രാജന്റെ ഓട്ടോറിക്ഷയുടെ ചില്ല് എറിഞ്ഞുതകര്‍ത്തു.
ചപ്പാരപ്പടവില്‍ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കെ. ഹബീബിന്റെ മാരുതി സ്വിഫ്റ്റ് കാറിന്റെ മുന്‍ ചില്ലും സൈഡ് മിററും ബോണറ്റും കല്ലേറില്‍ തകര്‍ന്നു. മൂന്നു വാഹനങ്ങളും ഒരേസ്ഥലത്തു വച്ചാണു തകര്‍ക്കപ്പെട്ടത്. അക്രമത്തില്‍ ആര്‍ക്കും പരുക്കില്ല. അക്രമത്തിനിരയായ വാഹന ഉടമകള്‍ തളിപ്പറമ്പ് പൊലിസ് സ്റ്റേഷനില്‍ പരാതിനല്‍കി. ഇന്നലെ രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ പ്രകടനമായെത്തി. തുടര്‍ന്നു പൂക്കോത്ത് നട കേന്ദ്രീകരിച്ച് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ എല്ലാം തന്നെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു.
ചൊക്ലിയില്‍ ഒളവിലം പള്ളിക്കുനി താനിക്കല്‍ മൊട്ടയിലാണു ഹര്‍ത്താല്‍ അനുകൂലികള്‍ രണ്ടു കാറുകള്‍ അടിച്ചുതകര്‍ത്തത്. ഒളവിലം നാരായണന്‍പറമ്പ് സ്വദേശി സി.കെ ഹൗസില്‍ സഫീര്‍, മേക്കുന്ന് ചിറ്റാപ്പിരിയാടത്ത് സമീര്‍ എന്നിവരുടെ കാറുകളാണു തകര്‍ത്തത്. സഫീര്‍ ഒളവിലത്തെ വീട്ടില്‍ നിന്ന് ഒഞ്ചിയത്തെ വിവാഹവീട്ടിലേക്കു പോവുന്നതിനിടെയും സമീര്‍ മേക്കുന്നിലേക്കു പോവുന്നതിനിടെയുമായിരുന്നു ആക്രമണം. വിവരമറിഞ്ഞ് ചൊക്ലി എസ്.ഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തില്‍ പൊലിസ് എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. എടക്കാട് സി.പി.എം ലോക്കല്‍കമ്മിറ്റി ഓഫിസിനു നേരേയാണു അക്രമം നടന്നത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ സംഘം ഓഫിസിന്റെ പൂട്ടും വാതിലും തകര്‍ത്തു. നടാലിലെ സി.പി.എം കൊടിമരവും ആക്രമിക്കപ്പെട്ടു.
കോടിയേരി പാറാലില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കും ബ്രാഞ്ച് കമ്മിറ്റി ഓഫിസിനും ബസ് കാത്തിരിപ്പുകേന്ദ്രത്തിനും നേരെ ഇന്നലെ ഉച്ചയ്ക്കു 12ഓടെയായിരുന്നു ആക്രമണം നടന്നത്. ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെ കല്ലും മദ്യക്കുപ്പിയും വലിച്ചെറിയുകയും പാറാല്‍ പൊതുജനവായനശാലയ്ക്കു സമീപത്തെ ബസ് കാത്തിരിപ്പ്കേന്ദ്രം തകര്‍ക്കുകയും ചെയ്തു. സി.പി.എം പാറാല്‍ ബ്രാഞ്ച് അംഗം മാര്യന്റവിട പ്രദീപനാണു മര്‍ദനമേറ്റത്. സി.പി.എം പ്രവര്‍ത്തകരായ ജോഷിത്ത്, പ്രദീപന് എന്നിവരുടെ ബൈക്കുകള്‍ക്കു കേടുവരുത്തി. ഹര്‍ത്താലിനിടെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ആര്.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നു സി.പി.എം.ആരോപിച്ചു. സംഭവത്തില്‍ നൂറോളം പേര്‍ക്കെതിരെ ന്യൂമാഹി പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."