ജില്ലകളില്‍ ദുരന്തനിവാരണ സെല്ലുകള്‍ ശക്തിപ്പെടുത്തും: മന്ത്രി ഇ. ചന്ദ്രശേഖരന്‍
തിരുവനന്തപുരം: ജില്ലകളില്‍ ദുരന്ത നിവാരണ സെല്ലുകള്‍ ശക്തിപ്പെടുത്തുമെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ജില്ലാ കലക്ടറേറ്റുകളിലെ ദുരന്തനിവാരണ സംവിധാനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഇവിടങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കലക്ടറേറ്റിലെ നവീകരിച്ച അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തര ഘട്ടങ്ങള്‍ കരുതലോടെ കൈകാര്യം ചെയ്യാന്‍ മുന്‍ധാരണയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച അറിയിപ്പുകള്‍ ലഭിക്കുമ്പോള്‍ത്തന്നെ തത്സമയം ഫലപ്രദമായി ഇടപെടാനും ഒരു ശൃംഘലയായി പ്രവര്‍ത്തിക്കാനുമുള്ള സംവിധാനം നിലവിലുള്ളതിനേക്കാള്‍ ശക്തിപ്പെടുത്തും. പ്രളയ ദുരന്തത്തെ നേരിടുന്നതില്‍ റവന്യൂ വകുപ്പെടുത്ത നേതൃത്വം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍ വിനോദ്, ഡെപ്യൂട്ടി കലക്ടര്‍മാരായ ജോണ്‍ വി. സാമുവല്‍, അനു എസ്. നായര്‍, സാം ക്ലീറ്റസ്, ഹുസൂര്‍ ശിരസ്തദാര്‍ എം. പ്രദീപ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."