കശാപ്പിനായി കൊണ്ടുവന്ന പോത്ത് വീട്ടമ്മയെ കുത്തിപ്പരുക്കേല്‍പ്പിച്ചു
തൊടുപുഴ: കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. വിരണ്ടോടിയ പോത്ത് വീട്ടമ്മയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഉപ്പുതോട് പുത്തന്‍പുരയ്ക്കല്‍ അഞ്ജന ജോമോനാണ് (30) പരുക്കേറ്റത്. മുതലക്കോടത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പോത്ത് വിരണ്ട് പരക്കം പാഞ്ഞതോടെ മുതലക്കോടം ടൗണിലുണ്ടായിരുന്നവരും നാലുപാടും പാഞ്ഞു.
കുന്നത്തെ കശാപ്പുശാലയിലേക്ക് കൊണ്ടു പോയ പോത്താണ് ഇടഞ്ഞത്. കെട്ടിയിട്ടിരുന്ന പോത്ത് കയര്‍പൊട്ടിച്ച് പ്രധാന റോഡിലൂടെ മുതലക്കോടം ഭാഗത്തേക്ക് പാഞ്ഞു. കശാപ്പുകാരും നാട്ടുകാരും പിന്നാലെ ഓടിയെങ്കിലും അക്രമാസക്തനായ പോത്തിനെ പിടികൂടാനായില്ല. ഇതിനിടെയാണ് ടൗണില്‍ നില്‍ക്കുകയായിരുന്ന അഞ്ജനയെ ഇടിച്ചു വീഴ്ത്തിയത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീട് പോത്ത് മാഞ്ചുവടിനു സമീപത്തെ പെട്രോള്‍ പമ്പിനു പിന്നിലെ റബര്‍തോട്ടത്തില്‍ നിലയുറപ്പിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. കശാപ്പുശാല നടത്തിപ്പുകാര്‍ തന്നെ പിന്നീട് പോത്തിനെ പിടിച്ചുക്കെട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."