പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഇനി സൗജന്യ ഉച്ചഭക്ഷണം
പേരാമ്പ്ര: താലൂക്ക് ആശുപത്രിയില്‍ ജനകീയ പിന്തുണയോടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെയും ഊട്ടുപുരയുടെയും ഉദ്ഘാടനം തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
പേരാമ്പ്ര മെഴ്‌സി കോളജ് ആണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ആദ്യത്തെ ഒരുമാസത്തെ ഭക്ഷണം നല്‍കുന്നത്. പിന്നീടുള്ള തുക സംഭാവനയായി കണ്ടെത്തും. മെഴ്‌സി കോളജിലെ അധ്യാപകരും രക്ഷിതാക്കളും മനുഷ്യ സ്‌നേഹപരമായ ഉത്തരവാദിത്തം ആണ് നിറവേറ്റുന്നതെന്നും ഇവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രി യൂനിറ്റിനെയാണ് പാചക ചുമതല ഏല്‍പിച്ചിരിക്കുന്നത്. അത് അവര്‍ നല്ല രീതിയില്‍ പൂര്‍ത്തീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു. എല്ലാവരും അതിജാഗ്രതയോടെ നിന്നതുകൊണ്ടാണ് നിപ വൈറസ് രോഗബാധ നിയന്ത്രിക്കാന്‍ കഴിഞ്ഞത്. അതിനാല്‍ നിപ സംബന്ധിച്ചു ആരോഗ്യവകുപ്പു നിര്‍ദേശിച്ച മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പൂര്‍ണമായും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ചടങ്ങില്‍ മെഴ്‌സി കോളജ് എം.ഡി ഡോ. രമ ബാലന്‍ ഒരു മാസത്തേക്കുള്ള ഭക്ഷണം നല്‍കുന്നതിനുള്ള തുകയുടെ ചെക്ക് മന്ത്രിക്കു കൈമാറി. ഭക്ഷണവിതരണത്തിനായി 35 ലക്ഷം രൂപ ചെലവില്‍ ആണ് ആശുപത്രി പരിസരത്ത് ഊട്ടുപുര നിര്‍മിച്ചിരിക്കുന്നത്. ഇവിടെ അടിസ്ഥാന സൗകര്യം ബ്ലോക്ക് പഞ്ചായത്ത് സജ്ജമാക്കിയിട്ടുണ്ട്. പേരാമ്പ്ര ധീര ഗ്യാസ് ഏജന്‍സി ആണ് കണക്ഷനും സ്റ്റൗവും നല്‍കിയത്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സുനീഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെംബര്‍ എ.കെ ബാലന്‍, വികസന മിഷന്‍ ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ് മാസ്റ്റര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. നാരായണക്കുറുപ്പ്, മെംബര്‍ ജിതേഷ് മുതുകാട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ഗംഗാധരന്‍ മാസ്റ്റര്‍, പഞ്ചായത്ത് മെംബര്‍ രതി രാജീവ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷാമിന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."