തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്: നാളെ അവിശ്വാസ പ്രമേയം
ആയഞ്ചേരി: തോടന്നൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിക്കെതിരേ നാളെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവരും. എല്‍.ജെ.ഡി എല്‍.ഡി.എഫിലെത്തിയതോടെ 13അംഗ ഭരണസമിതിയില്‍ മുന്നണിക്ക് ഏഴംഗങ്ങളുടെ ഭൂരിപക്ഷമുണ്ട്. എല്‍.ജെ.ഡി അംഗം സുമ തൈക്കണ്ടി ഉള്‍പ്പെടെ ഏഴു പേരാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസ് നാല്, ലീഗ് രണ്ട്, സി.പി.എം നാല്, എന്‍.സി.പി ഒന്ന്, സി.പി.ഐ ഒന്ന്, എല്‍.ജെ.ഡി ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. എല്‍.ജെ.ഡിയിലെ സുമ തൈക്കണ്ടിയാണ് നിലവിലെ വൈസ് പ്രസിഡന്റ്. എല്‍.ജെ.ഡി മുന്നണിയിലെത്തിയിട്ടും ബ്ലോക് പഞ്ചായത്ത് ഭരണം ഇപ്പോഴും യു.ഡി.എഫിന് തന്നെയാണെന്നും ഇതിന് മാറ്റം വരണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ എല്‍.ഡി.എഫ് നേതൃത്വത്തിന് കത്തുനല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് മുന്നണിയില്‍ നടന്ന ചര്‍ച്ചയിലാണ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ തീരുമാനമായത്. ഇപ്പോഴത്തെ പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിച്ചു ജയിച്ചതെങ്കിലും കോണ്‍ഗ്രസുമായി നല്ല നിലയിലല്ല. ഈ അവസ്ഥയില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോള്‍ യു.ഡി.എഫ് എന്തു നിലപാടെടുക്കുമെന്നതും ശ്രദ്ധേയമാണ്.
ഈ വര്‍ഷമാദ്യം മുരളിക്കെതിരേ യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും മുരളിയും പ്രതിപക്ഷവും പങ്കെടുക്കാത്തതിനാല്‍ യോഗം നടന്നില്ല. തുടര്‍ന്ന് ഒരു മുന്നണിയിലുമല്ലാത്ത നിലയിലായിരുന്നു പ്രസിഡന്റ്. അവിശ്വാസ പ്രമേയം പാസാകുകയാണെങ്കില്‍ സി.പി.എമ്മിലെ പി.എം വിനോദന്‍ പ്രസിഡന്റാകാനാണ് സാധ്യത. വൈസ് പ്രസിഡന്റായി സുമ തൈക്കണ്ടി തുടരണമെന്നും എല്‍.ഡി.എഫില്‍ ധാരണയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."