കുറ്റിപ്പുറത്ത് പിടികൂടിയ മയക്കുമരുന്ന് ഗുളികകള്‍ ഡി.ജെ പാര്‍ട്ടികള്‍ക്കുള്ളത്
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് നിന്നും പിടികൂടിയ മയക്കുമരുന്ന് ഗുളികകള്‍ ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷ പാര്‍ട്ടികളില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്നത്. കര്‍ണാടകയിലെ വിരാജ്‌പേട്ട കൂര്‍ഗ് സ്വദേശികളായ ചിരങ്കന്‍ വീട്ടില്‍ അസീസ് (24), ധനുകാല കാരാട്ടില്‍ വീട്ടില്‍ ജുനൈദ്(22) എന്നിവരെയാണ് കുറ്റിപ്പുറം എക്‌സൈസ് വകുപ്പ് മൂന്ന് ലക്ഷം വിലമതിക്കുന്ന ആയിരക്കണക്കിന് നൈട്രാസണ്‍ 10 നൈട്രാസെപാം ഗുളികകളടക്കം ഇന്നലെ പിടികൂടിയത്.
നൂറുകണക്കിന് യുവാക്കള്‍ പങ്കെടുക്കുന്ന റേവ്, ഡി.ജെ പാര്‍ട്ടികളില്‍ വിതരണം ചെയ്യാനാണ് പ്രതികള്‍ കൊണ്ടുവന്നത്. സിന്തെറ്റിക് ഇനത്തില്‍പ്പെട്ട മാരകമായ ഗുളികകളാണ് ഇവരില്‍നിന്നും എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തത്. കുറ്റിപ്പുറം എക്‌സൈസ് രണ്ട് മാസത്തോളമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് സംഘം വയലിലായത്. ആവശ്യക്കാരെന്ന വ്യാജേന വേഷപ്രച്ചന്നരായ ഉദ്യോഗസ്ഥര്‍ അസീസിനെയും ജുനൈദിനെയും സമീപിച്ച അറസ്റ്റ് ചെയുകയായിരുന്നു. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ഗുളികകള്‍ക്ക് മൂന്ന് ലക്ഷത്തോളം വിലവരും. ബംഗ്ലൂരില്‍ നിന്നാണ് നൈട്രാസെപാം ഗുളികകള്‍ വ്യാപകമായി കേരളത്തില്‍ എത്തിക്കുന്നത്. ബംഗ്ലൂരില്‍ ഈ ഗുളികകള്‍ നിസാര വിലയാണ്. കേരളത്തില്‍ ഇവയ്ക്ക് വന്‍ തുകയാണ് ആവശ്യക്കാരില്‍ നിന്നും മാഫിയ സംഘങ്ങള്‍ ഈടാക്കുന്നത്. ഗുളിക ഒന്നിന് 200 മുതല്‍ 300 രൂപ വരെ ആവശ്യക്കാരില്‍ നിന്നും ലഭിക്കുന്നുണ്ട്.
ഉറക്കക്കുറവിനായി ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം ഉപയോഗിക്കുന്ന നൈട്രാസെപാം ഇന്ന് ചെറുപ്പകാര്‍ക്കിടയില്‍ വ്യാപകമായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഗോവയില്‍ നിന്നും ബംഗ്ലൂരില്‍ നിന്നും മാരകമായ മയക്കുമരുന്ന് പദാര്‍ഥങ്ങളായ എല്‍.എസ്.ഡി, എം.ഡി.എം.എ സ്റ്റാമ്പ് രൂപത്തിലാക്കി കേരളത്തിലേക്ക് വന്‍ തോതില്‍ കടത്തുന്ന സ്ത്രികള്‍ ഉള്‍പ്പെടെയുളള സംഘത്തെക്കുറിച്ച് എക്‌സൈസ് വകുപ്പിന് വ്യക്തമായ സൂചനകള്‍ പ്രതികളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കുറ്റിപ്പുറത്തും പരിസര പ്രദേശങ്ങളിലും കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."