യമനിൽ അറബ് സഖ്യ സേന 200 ഹൂതി തടവുകാരെ വിട്ടയച്ചു
റിയാദ്: യമനിൽ ഔദ്യോഗിക സർക്കാരിനെ സഹായിക്കുന്ന അറബ് സഖ്യ സേന തങ്ങളുടെ കീഴിലെ 200 തടവുകാരെ വിട്ടയച്ചതായി അറബ് സഖ്യ സേന അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഇവരെ ചികിത്സക്കനുയോജ്യമായ ആശുപത്രികളിലേക്ക് മാറ്റുമെന്നും അറബ് സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. യമൻ സമാധാനത്തിനായി കരാറുകൾ പാലിക്കാനും നടപ്പിലാക്കാനും അറബ് സഖ്യ സേന പ്രതിജ്ഞാബദ്ധമാണെന്നും അതിന്റെ ഭാഗമായാണ് തടവുകാരെ വിട്ടയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാലുവർഷത്തെ ആഭ്യന്തരയുദ്ധം മൂലം ക്ഷാമം അനുഭവിക്കുന്ന യെമനികൾക്ക് മാനുഷിക സഹായം നൽകുന്നതിന് പ്രധാന തുറമുഖ നഗരമായ ഹുദൈദയിൽ നിന്ന് ഇരു വിഭാഗവും സൈനികരെ പിൻവലിക്കണമെന്ന് കരാർ ഒപ്പു വെച്ചിരുന്നു. തടവുകാരുടെ കൈമാറ്റം മാനുഷിക പ്രശ്‌നമാണ്. മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള സഖ്യത്തിന്റെ ശ്രമങ്ങളുടെ തുടർച്ചയാണ് തടവുകാരുടെ കൈമാറ്റം. പ്രത്യേകിച്ചും യെമൻ ജനതയുടെ ആരോഗ്യം അന്താരാഷ്ട്ര നിയമങ്ങളുടെയും കരാറുകളുടെയും വ്യവസ്ഥകൾ ഉൾപ്പെടെയാണ് നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സഖ്യ സേന നീക്കത്തെ ഹൂതി നേതാവ് മുഹമ്മദ് അലി അൽ ഹൂതി സ്വാഗതം ചെയ്‌തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."