മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാറില്‍ അജിത് പവാര്‍ തന്നെ ഉപ മുഖ്യമന്ത്രിയായേക്കും: സത്യപ്രതിജ്ഞ വ്യാഴാഴ്ച
മുംബൈ: ഒരുമാസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്തിനും പാതിരാ നാടകങ്ങള്‍ക്കും വിരാമമിട്ട് മഹാരാഷ്ടയില്‍ ത്രികക്ഷി സഖ്യത്തിന്റെ നേതൃത്വത്തില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമ മന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് രൂപീകരിച്ച മഹാരാഷ്ട്ര വികാസ് അഘാഡി ( മഹാരാഷ്ട്ര വികസന മുന്നണി)യുടെ നേൃതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
ഉദ്ധവ് മന്ത്രിസഭയില്‍ ശിവസേനയ്ക്ക് 15 മന്ത്രിമാരും എന്‍.സി.പിക്ക് ഉപമുഖ്യമന്ത്രി അടക്കം 13 മന്ത്രിമാരും കോണ്‍ഗ്രസിന് സ്്പീക്കര്‍ അടക്കം13 മന്ത്രിമാരുമാണുണ്ടാവുക. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം ബുധനാഴ്ച വൈകീട്ട് മൂന്നു പാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കള്‍ വൈ.ബി ചവാന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അന്തിമരൂപമായത്.
അതേ സമയം ബിജെപിക്ക് ഒപ്പം ചേര്‍ന്ന് രാഷ്ട്രീയ നാടകങ്ങള്‍ക്ക് അരങ്ങുണര്‍ത്തി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി രാജിവച്ച് തിരികെ വന്ന അജിത് പവാര്‍ മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരിലും ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന. മുംബൈയില്‍ വിവിധ പദവികള്‍ ആര്‍ക്കെല്ലാം നല്‍കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ തനിക്ക് ഉപമുഖ്യമന്ത്രിപദം തന്നെ വേണമെന്ന് അജിത് പവാര്‍ ഉറച്ച നിലപാടെടുത്തു.
അജിത് പവാര്‍ തന്നെയായിരുന്നു മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ ശരദ് പവാറിന്റെ മകളും എം.പിയുമായ സുപ്രിയ സുലെ പ്രധാന റോള്‍ ഏറ്റെടുത്തതോടെയാണ് അജിത് പവാര്‍ മറുകണ്ടം ചാടിയത്.
മുഖ്യമന്ത്രിയായി നിര്‍ദേശിക്കപ്പെട്ട ഉദ്ധവ്് താക്കറെ, എന്‍.സി.പി നേതാവ് ശരത് പവാര്‍, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, മൂന്നു പാര്‍ട്ടികളുടെയും എം.എല്‍എമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കോടതിയുടെ നിര്‍ദേശപ്രകാരം ഇന്നലെ രാവിലെ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 288 എം.എല്‍.എമാര്‍ ഗവര്‍ണര്‍ ഭഗത് സിങ് കുഷിയാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ എട്ടിനു തുടങ്ങിയ നടപടികള്‍ക്ക് പ്രോടേം സ്പീക്കര്‍ കാളിദാസ് കുലംബ്കര്‍ നേതൃത്വം നല്‍കി.
വിശ്വാസ വോട്ടെടുപ്പ് രണ്ടാഴ്ച നീട്ടിവയ്ക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ സഭ സമ്മേളിച്ചത്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കിലും ബി.ജെപിയും ശിവസേനയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ശിവ സേന എന്‍.ഡി.എ വിട്ടു. എന്‍.സി.പിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കാന്‍ ശിവസേന ശ്രമിക്കുന്നതിനിടെ കേന്ദ്രം മഹാരാഷ്ടയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."