പാതിരാത്രിയിലെ ഹര്‍ത്താല്‍ പ്രഖ്യാപനം: ബന്ധുക്കളില്ലാതെ റഈസിന് നിക്കാഹ്
തൊടുപുഴ: പാതിരാത്രിയിലെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപനത്തില്‍ തൊടുപുഴയില്‍ നടക്കേണ്ട നിക്കാഹിന് അടുത്ത ബന്ധുക്കളെപ്പോലും എത്തിക്കാനാകാതെ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വരനും കുടുംബവും. 75 ഓളം പേര്‍ എത്താന്‍ നിശ്ചയിച്ചിരുന്ന നിക്കാഹിന് ഒടുവില്‍ എത്തിയത് വരനും മാതാപിതാക്കളുമടക്കം ഏഴുപേര്‍ മാത്രം.
കൊയിലാണ്ടി കീഴരിയൂര്‍ പുള്ളിയോത്ത് കുഞ്ഞഹമ്മദ്- ആസിയ ദമ്പതികളുടെ മകന്‍ റഈസാണ് അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളെയും നിക്കാഹിന് എത്തിക്കാനാകാതെ നിസഹായനായത്. തൊടുപുഴ കാഞ്ഞിരമറ്റം മുണ്ടയ്ക്കല്‍ നാസര്‍- സല്‍മ ദമ്പതികളുടെ മകള്‍ ഷംനയുമായി തൊടുപുഴ മൗര്യ ഗാര്‍ഡന്‍സ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍.
നിക്കാഹിന് ബന്ധുക്കളെ എത്തിക്കാന്‍ ഒരു ടൂറിസ്റ്റ് ബസും രണ്ട് കാറുകളുമാണ് റഈസിന്റെ വീട്ടുകാര്‍ ഏര്‍പ്പാട് ചെയ്തിരുന്നത്. ഇന്നലെ പുലര്‍ച്ചെയോടെ തൊടുപുഴയിലേയ്ക്ക് പുറപ്പെടാനായിരുന്നു തീരുമാനം.
എന്നാല്‍ ശനിയാഴ്ച അര്‍ധരാത്രി ബി.ജെ.പിയുടെ ഹര്‍ത്താല്‍ പ്രഖ്യാപനം എത്തിയതോടെ എന്തു ചെയ്യണമെന്നറിയാതെ വരനും കുടുംബാംഗങ്ങളും നിസ്സഹായരാകുകയായിരുന്നു.ബുക്ക് ചെയ്ത ടൂറിസ്റ്റ് ബസ് ഇതിനിടെ വരാന്‍ കഴിയില്ലെന്നും ഇവരെ അറിയിച്ചു.
ഒടുവില്‍ സുഹൃത്തായ ശരണിന്റെ കാറില്‍ റഈസും മാതാപിതാക്കളും മറ്റു മൂന്നു സുഹൃത്തുക്കളുമടക്കം ഏഴുപേര്‍ പുലര്‍ച്ചെ 3.30 ഓടെ തൊടുപുഴയ്ക്ക് പുറപ്പെട്ടു. വാഹനം പലയിടങ്ങളിലും തടഞ്ഞിരുന്നു.
ഇവര്‍ പുറപ്പെടുമ്പോഴും അടുത്ത പല ബന്ധുക്കളും ഹര്‍ത്താല്‍ വിവരം അറിഞ്ഞിരുന്നില്ല. വഴിയിലാണ് പലരെയും ഫോണില്‍ ബന്ധപ്പെട്ട് നിസഹായാവസ്ഥ അറിയിച്ചത്. ഇതേ ആശങ്ക തന്നെയായിരുന്നു വധൂഗൃഹത്തിലും. നിക്കാഹിന് ക്ഷണിച്ചവര്‍ എങ്ങനെ എത്തുമെന്നതായിരുന്നു ഇവരുടെ പരിഭ്രമം. 1800 പേര്‍ക്കുള്ള ഭക്ഷണവിഭവങ്ങള്‍ ഒരുക്കാനായിരുന്നു വധുവിന്റെ വീട്ടുകാര്‍ തീരുമാനിച്ചിരുന്നത്.
വരന്റെ വീട്ടില്‍നിന്നു പങ്കാളിത്തം ഉണ്ടാകില്ലെന്ന് അറിഞ്ഞതോടെ ഒടുവില്‍ ഭക്ഷണം പാഴാകാതിരിക്കാന്‍ അളവ് കുറച്ചു. ചടങ്ങിനു ശേഷം വധുവുമായി കൊയിലാണ്ടിക്ക് പുറപ്പെടുമ്പോഴും ഇവര്‍ക്ക് ആധി മാറിയിരുന്നില്ല. ബഹറൈനില്‍ ജോലി ചെയ്യുകയാണ് റഈസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."