സ്പോണ്സര് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച മലയാളി നാട്ടിലേക്ക് മടങ്ങി
ദമാം: ശമ്പളവും ഇക്കാമയും കിട്ടാത്തതിനാല്‍ ജോലി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മോഷണക്കുറ്റം ചുമത്തി സ്പോണ്സര് കെണിയിലാക്കാന്‍ ശ്രമിച്ച മലയാളി നാട്ടിലേക്ക് മടങ്ങി. കൊല്ലം ചവറ സ്വദേശിയായ അബ്ദുല്‍ കലാമാണ് സ്പോണ്സര് സൃഷ്ടിച്ച നിയമകുരുക്കുകള് മറികടന്ന് നാട്ടിലേക്ക് മടങ്ങിയത്. 19 വര്‍ഷമായി പ്രവാസിയായ അബ്ദുല്‍ കലാമിനെ നാലു വര്‍ഷം മുന്‍പാണ് സ്പോണ്സര് ഹുറൂബിലാക്കിയത്. പിന്നീട് പൊതുമാപ്പ് ഉപയോഗപ്പെടുത്തി മറ്റൊരു സഊദി പൗരന്റെ കീഴിലേക്ക് മാറിയതോടെയാണ് ദുരിതം ആരംഭിച്ചത്.
ചെറിയ കടകളിലായി കലാം അടക്കം നാല് മലയാളികളാണ് പുതിയ സ്പോണ്‍സറിന്റെ കീഴില്‍ ഉണ്ടണ്ടായിരുന്നത്. എന്നാല്‍ നാല് വര്‍ഷമായിട്ടും പുതിയ സ്പോണ്സര് ആര്‍ക്കും ഇക്കാമ എടുത്തു കൊടുത്തില്ല എന്ന് മാത്രമല്ല, കഴിഞ്ഞ 16 മാസമായി ശമ്പളവും നല്‍കിയില്ല. ഇഖാമയില്ലാത്തതിനാല്‍ ഈ കാലയളവില്‍ നാട്ടില്‍ പോകാനും നാലുപേര്‍ക്കും കഴിഞില്ല. ഒടുവില്‍ കലാമിന്റെ ഒപ്പമുണ്ടണ്ടായിരുന്ന മൂന്നു പേരും അന്നത്തെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോയി. ഇതിനിടെ സാമൂഹ്യ പ്രവര്‍ത്തകരെ സഹായം അഭ്യര്‍ഥിച്ചു കലാം സമീപിച്ച വിവരം അറിഞ്ഞ സ്പോണ്സര് ക്ഷുഭിതനായി. ഇദ്ദേഹവും മറ്റ് നാല് മലയാളികളും കൂടി തന്റെ കടയില്‍നിന്ന് നാല് ലക്ഷത്തില്‍ അധികം തുക തട്ടിയെടുത്തതായി പൊലിസില്‍ പരാതി നല്കി. കേസില്‍ കലാമിനെ മുഖ്യപ്രതിയാക്കുകയും ചെയ്തു. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ സ്പോണ്‍സറുടെ പരാതി കളവാണെന്ന് ബോധ്യമായി. പൊലിസ് പരാതി വ്യാജമാണെന്നു കണ്ടെണ്ടത്തി കേസ് തള്ളുകയായിരുന്നു. തുടര്‍ന്നാണ് നാട്ടില്‍ പോകാനുള്ള അനുമതി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."