ഏതു വിദേശ ശക്തിയെയും നേരിടുമെന്ന് ചൈനീസ് പ്രസിഡന്റ്
ബെയ്ജിങ്: ചൈനയിലേക്ക് അതിക്രമിച്ചു കടക്കാനും സ്വാധീനം ഉറപ്പിക്കാനും ശ്രമിക്കുന്ന ഏതു വിദേശശക്തിയെയും നേരിടാന്‍ തങ്ങളുടെ സൈന്യം പ്രാപ്തമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി രൂപീകൃതമായതിന്റെ 90ാം വാര്‍ഷികത്തില്‍ നടന്ന കൂറ്റന്‍ സൈനിക പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വടക്കന്‍ ചൈനയിലെ മംഗോളിയ മേഖലയിലെ സുരി പരിശീലന ക്യാംപിലാണ് പരേഡ് നടന്നത്. തുറന്ന ജീപ്പില്‍ അദ്ദേഹം പരേഡ് പരിശോധിച്ചു.
ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് പ്രസിഡന്റ് തങ്ങളുടെ സൈനിക ശക്തിയെ കുറിച്ച് ലോകത്തെ വീണ്ടും ഓര്‍മപ്പെടുത്തുന്നത്. 23 ലക്ഷം അംഗബലമുള്ള സൈനികരാണ് ചൈനയ്ക്കുള്ളത്. പരേഡില്‍ അത്യാധുനിക സൈനിക ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങളെയും നയങ്ങളെയും കര്‍ശനമായി പിന്തുടരുന്നതിനും പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും രക്ഷയ്ക്കായി പ്രവര്‍ത്തിക്കാനും സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ ധീര സൈനികര്‍ക്ക് ശക്തമായ ആത്മവിശ്വാസവും അധിനിവേശ ശക്തികളെ തോല്‍പ്പിക്കാനുള്ള കഴിവുമുണ്ടെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നുവെന്ന് ലോകത്തെ ഏറ്റവും വലിയ അംഗബലമുള്ള സേനയുടെ സര്‍വ സൈന്യാധിപനായ ഷീ ജിന്‍ പിങ് പറഞ്ഞു.
സിക്കിം അതിര്‍ത്തിയിലെ ദോക്‌ലം മേഖലയിലെ ഒരുമാസത്തിലേറെയായി ഇന്ത്യാ-ചൈന സൈനിക സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് ചൈനീസ് പ്രസിഡന്റിന്റെ പ്രസ്താവനയെങ്കിലും സംഘര്‍ഷത്തെക്കുറിച്ച് പ്രത്യേക പരാമര്‍ശം ഉണ്ടായില്ല.
സൈനിക വേഷവും തൊപ്പിയും ധരിച്ചാണ് ഷീ ജിന്‍പിങ് പരേഡിനെത്തിയത്.
ചൈനീസ് സൈന്യത്തിന്റെ ആധുനികവല്‍കരണത്തിനു ശേഷം ഉണ്ടായ മാറ്റങ്ങള്‍ പരേഡില്‍ പ്രകടമാണ്. സാങ്കേതിക വിദ്യയിലും ആധുനിക ഉപകരണങ്ങളുടെ ശേഖരത്തിലുമുള്ള മാറ്റങ്ങള്‍ ലോകത്തെ അറിയിക്കുന്നതായിരുന്നു പരേഡെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ അറിയിച്ചു.
കരസേനാംഗങ്ങളെ പകുതിയോളം വെട്ടികുറയ്ക്കാന്‍ സര്‍ക്കാര്‍ ഈയിടെ തീരുമാനമെടുത്തിരുന്നു. പകരം സൈന്യത്തിന് പുതിയ ആയുധങ്ങള്‍ ലഭ്യമാക്കി കരുത്തുറ്റതാക്കാനാണ് നീക്കം. പരേഡിന്റെ തല്‍സമയ സംപ്രേഷണം ഔദ്യോഗിക ടെലിവിഷന്‍ നടത്തിയിരുന്നു. തുറന്ന ജീപ്പില്‍ ഒരുക്കിയ നാലു മൈക്കുകളിലൂടെ ഷീ സൈനികര്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങളെ സേവിക്കുകയും പാര്‍ട്ടിയെ അനുസരിക്കുകയും വിജയം വരെ പോരാടുകയും അധിനിവേശത്തെ തോല്‍പ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."