വീട്ടുകാരെയടക്കം 'ജപ്തി ചെയ്ത്' ബാങ്ക് അധികൃതര്‍ പ്രദേശത്ത് സംഘര്‍ഷം
ഓയൂര്‍ (കൊല്ലം): അമ്മയെയും മകളെയും വീട്ടിനുള്ളിലിട്ട് പൂട്ടി വാതിലും ഗേറ്റും സീല്‍ ചെയ്ത് യൂക്കോ ബാങ്കിന്റെ ക്രൂരത. പൂയപ്പള്ളി പടിഞ്ഞാറ് ഷൈന്‍ കോട്ടജില്‍ തോമസ് മത്തായിയുടെ വീടും പുരയിടവുമാണ് കൊല്ലം യൂക്കോ ബാങ്ക് അധികൃതര്‍ കോടതി ഉത്തരവോടെ ജപ്തി നടത്തിയത്.
ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ബാങ്ക് അധികൃതരും കമ്മിഷനും സ്ഥലത്തെത്തിയപ്പോള്‍ വീടിന്റെ രണ്ട് വശത്തെയും ഗേറ്റുകള്‍ പൂട്ടിയ നിലയിലായിരുന്നുവെന്ന് പറയുന്നു. ഗേറ്റിന്റെ പൂട്ട് പൊളിച്ച് ജപ്തി സംഘം കോമ്പൗണ്ടില്‍ കയറുകയും വീടിന്റെ വാതിലുകള്‍ പൂട്ടി സീല്‍ ചെയ്യുകയുമായിരുന്നു. രണ്ടു ഗേറ്റുകളും ജപ്തി സംഘം സീല്‍ ചെയ്തു.
ജപ്തി സമയത്ത് തോമസിന്റെ ഭാര്യ ശോഭിയും മകള്‍ അച്ചുവും വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ഉറക്കമുണര്‍ന്നപ്പോഴാണ് വീട് പുറത്തുനിന്ന് പൂട്ടിയതായി അറിയുന്നത്. പുറത്തിറങ്ങാന്‍ കഴിയാതെ വീടിനുള്ളില്‍ കുടിങ്ങിയ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളും പൂയപ്പള്ളി പൊലിസും സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് അധികൃതരുമായി പൊലിസ് ബന്ധപ്പെട്ടെങ്കിലും ഇവര്‍ സ്ഥലത്തെത്തിയില്ല. കോടതി നടപടിയായതിനാല്‍ പൊലിസിന് ഇടപെടാന്‍ കഴിയില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് വൈകിട്ട് ആറോടെ സ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടം ഗേറ്റിന്റെയും വാതിലിന്റെയും പൂട്ടുകള്‍ തകര്‍ത്ത് ഇരുവരെയും പുറത്തെത്തിക്കുകയായിരുന്നു. അവശനിലയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയില്‍ നിന്ന് ഒന്നര കോടിയില്‍പ്പരം രൂപ കിളിക്കൊല്ലൂര്‍ ശ്രീനാരായണ കാഷ്യൂ ഇന്‍ഡസ്ട്രി നടത്തിപ്പുകാരനായ സിനിലാല്‍ വായ്പ എടുത്തിരുന്നു. ഇതിനായി തോമസ് മത്തായി തന്റെ വീടും 40 സെന്റും ജാമ്യമായി നല്‍കിയിരുന്നു. ലോണ്‍ കുടിശികയായതോടെയാണ് ബാങ്ക് ജപ്തി നടപയിലേക്ക് തിരിഞ്ഞത്.
എന്നാല്‍ ബാങ്കിന്റെ ഹെഡ് ഓഫിസില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ നല്‍കിയിരുന്നതായി തോമസ് മത്തായി പറഞ്ഞു. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ പൂയപ്പള്ളി - കണ്ണനല്ലൂര്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷം സൃഷ്ടിച്ചു. പൊലിസ് ഇടപെട്ട് ഉപരോധക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."