നന്മകള്‍ പൂക്കുന്ന 'വീട് വിദ്യാലയം'; ഇന്ന് ലോകഭിന്നശേഷി ദിനം
വിനയന്‍ പിലിക്കോട്#
ചെറുവത്തൂര്‍ (കാസര്‍കോട്): കട്ടിലില്‍ ഒറ്റയ്ക്ക് കിടക്കുമ്പോള്‍ അവര്‍ സ്വപ്നം കാണാറുണ്ടായിരുന്നു. നിറയെ കൂട്ടുകാരുള്ള അക്ഷരമുറ്റം. അവര്‍ക്കൊപ്പമുള്ള കളിചിരികള്‍. പക്ഷെ ശാരീരിക വിഷമതകള്‍ അക്ഷരമുറ്റം അന്യമാക്കിയ കുരുന്നുകള്‍ക്ക് അതൊരു സ്വപ്നം മാത്രമാണ് പലപ്പോഴും. എന്നാല്‍ ഭിന്നശേഷിയുള്ള കുരുന്നുകളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് വീട് വിദ്യാലയമാക്കുകയാണ് സമഗ്രശിക്ഷ ചെറുവത്തൂര്‍ ബി.ആര്‍.സി.
ശാരീരികവിഷമതകള്‍ മൂലം സ്‌കൂളിലെത്താന്‍ കഴിയാത്ത കുട്ടികളുടെ വീട്ടിലേക്ക് കുട്ടികളും അധ്യാപകരുമെല്ലാം എത്തുന്നു. പാഠങ്ങള്‍ക്കൊപ്പം പാട്ടും കളികളും ഒക്കെയായി അവര്‍ക്ക് ആഹ്ലാദനിമിഷങ്ങള്‍ സമ്മാനിക്കുന്നു. അഞ്ചുവീടുകള്‍ ഇതിനോടകം വിദ്യാലയമായി കഴിഞ്ഞു. 37 ഭിന്നശേഷിക്കാരായ കുട്ടികളാണ് ചെറുവത്തൂര്‍ ബി.ആര്‍.സി പരിധിയിലുള്ളത്. വിദ്യാലയങ്ങളില്‍ എത്താന്‍ കഴിയാതിരുന്നതിനാല്‍ റിസോഴ്‌സ് അധ്യാപകര്‍ വീടുകളിലെത്തി കുട്ടികള്‍ക്ക് പഠനമധുരം പകര്‍ന്നിരുന്നു. എന്നാല്‍ കൂട്ടുകാരെയും അവര്‍ക്കൊപ്പമുള്ള കളിചിരികളും എന്നും ഈ കുട്ടികള്‍ ആഗ്രഹിക്കുന്നുവെന്ന തിരിച്ചറിവില്‍ നിന്നാണ് സ്‌കൂള്‍ അന്തരീക്ഷം വീടുകളില്‍ ഒരുക്കാന്‍ ബി.ആര്‍.സി തീരുമാനിക്കുന്നത്.
ചീമേനി തുറവിലെ നന്ദനയുടെ വീട്ടുമുറ്റം വിദ്യാലയമാക്കിയായിരുന്നു തുടക്കം. ചീമേനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാലാംതരത്തില്‍ പഠിക്കുന്ന നന്ദന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയാണ്. എല്ലുകള്‍ പൊടിഞ്ഞതിനെ തുടര്‍ന്ന് നന്ദനയ്ക്ക് കഴിഞ്ഞ കുറച്ചുനാളുകളായി സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. നന്ദനയെ തേടി ക്ലാസിലെ 32 സഹപാഠികളും അധ്യാപകരും വീട്ടിലേക്ക് എത്തി.
ചാനടുക്കത്തെ ദിഷ, എടച്ചാക്കൈയിലെ ആമിന, അസീറ, പുതിയ കണ്ടത്തെ നേഹ, പടന്നക്കടപ്പുറത്തെ ഷഹീര്‍ എന്നിവരുടെ വീടും വിദ്യാലയമായി.
അവധി ദിവസങ്ങളിലാണ് കുട്ടികളുടെയും അധ്യാപകരുടെയും യാത്ര. മനസ് കുളിര്‍ക്കുന്ന അനുഭവങ്ങളാണ് ഓരോ വീട്ടിലും ഉണ്ടാകുന്നതെന്ന് ചെറുവത്തൂര്‍ ബി.പി.ഒ ഉണ്ണിരാജന്‍ പറഞ്ഞു. വായനയുടെ വഴികളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കുട്ടികളുടെ വീടുകളില്‍ ലൈബ്രറികളും ഒരുക്കി നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."