ലോകം നടുങ്ങിയ ദിനങ്ങള്‍
ക്രൂരവും പൈശാചികവുമായ നരഹത്യകൊണ്ട് മാനവചരിത്രത്തില്‍ അടയാളപ്പെടുത്തിയ രണ്ടു കറുത്തദിനങ്ങളാണ് ഓഗസ്റ്റ് ആറും ഒന്‍പതും. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും വീണ ആറ്റംബോംബുകള്‍ ഈ ദിവസങ്ങളെ എല്ലാ അര്‍ഥത്തിലും ഭീതിപ്പെടുത്തുന്ന ഓര്‍മകളായി നിലനിര്‍ത്തുന്നു. യുദ്ധം വിതയ്ക്കുന്ന കൊടിയ ദുരന്തങ്ങള്‍ക്കെതിരേയുള്ള ബോധവല്‍ക്കരണവുമായി ഈ ദിനാചരണങ്ങള്‍ കൊണ്ടാടുമ്പോഴും ഇന്നു ലോകത്തിന്റെ പലഭാഗങ്ങളിലും മനുഷ്യര്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ തുടരുകയാണ്. അനുഭവങ്ങളില്‍ നിന്ന് നാമെന്ത് പഠിച്ചുവെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ലിറ്റില്‍ ബോംബ്
1945 ഓഗസ്റ്റ് ആറിനു പുലര്‍ച്ചെ ശാന്തസമുദ്രത്തിലെ മരിയാനാ ദ്വീപ് സമൂഹത്തിലെ ടിനിയന്‍ ദ്വീപില്‍ നിന്ന് ഇനോല ഗേ എന്ന ബി 29 യു.എസ് യുദ്ധവിമാനം രാവിലെ 8.15ന് ജപ്പാനിലെ ഹോണ്‍ ഷു ദ്വീപിലെ ഹിരോഷിമ നഗരത്തില്‍ ആദ്യത്തെ അണുബോംബ് വര്‍ഷിച്ചു. ലിറ്റില്‍ ബോംബ് എന്നു പേരിട്ട യുറേനിയം ബോംബായിരുന്നു അത്. ബോംബ് പതിച്ച 10 കിലേമീറ്റര്‍ വിസ്തൃതി ഈ ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതായി. ബോംബ് വീണമാത്രയില്‍തന്നെ ഉയര്‍ന്നു പൊങ്ങിയ അഗ്നികുണ്ഠം 78150 പേരുടെ ജീവനെടുത്തു. ഇതു 1995ലെ കണക്കനുസരിച്ച് 192,000 ആണ്. നിരവധിപേര്‍ ജീവച്ഛവങ്ങളായി.
പ്ലൂട്ടോണിയം
ഹിരോഷിമയില്‍ പ്രയോഗിച്ചതിനേക്കാള്‍ വീര്യംകൂടിയ ബോംബായിരുന്നു അമേരിക്ക ജപ്പാനിലെ നാഗസാക്കിയില്‍ പ്രയോഗിച്ചത്. ക്യുഷു ദ്വീപിലെ തുറമുഖ പട്ടണമാണ് നാഗസാക്കി. ഫാറ്റ്മാന്‍ എന്നു പേരിട്ട പ്ലൂട്ടോണിയം ബോംബായിരുന്നു ഓഗസ്റ്റ് ഒന്‍പതിനു രാവിലെ 11.1ന് നാഗസാക്കിയില്‍ പതിച്ചത്.
212,000ഓളം വരുന്ന ജനസംഖ്യയില്‍ അണുബോംബ് കവര്‍ന്നത് 73,884 പേരുടെ ജീവനാണ്. 76,796 പേര്‍ക്ക് ബോംബിന്റെ കെടുതികളും നേരിടേണ്ടിവന്നു.
ചാള്‍സ് സ്വീനി
അമേരിക്കന്‍ വൈമാനികനായ ചാള്‍സ് സ്വീനിക്ക് ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിലെ അണുബോംബ് വര്‍ഷങ്ങളില്‍ നേരിട്ടും അല്ലാതെയും പങ്കുണ്ടായിരുന്നു. ഹിരോഷിമയില്‍ ബോംബിട്ട ഇനോല ഗേ എന്ന വിമാനത്തിന്റെ അകമ്പടി വിമാനം പറത്തിയത് സ്വീനിയായിരുന്നു.
ഓഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയില്‍ ബി-29 വിമാനം പറത്തി ബോംബിടാന്‍ പോയതും ഇദ്ദേഹം തന്നെ. അന്ന് ഈ വൈമാനികന് പ്രായം 25.
ഹിരോഷിമയിലേക്ക് ബോംബുമായി പോയ ഇനോല ഗേ പറത്തിയത് കേണല്‍ പോള്‍ ടിബറ്റ്‌സ് ആയിരുന്നു. ഈ രണ്ടു പൈലറ്റുമാരെയും പിന്നീട് അമേരിക്ക സ്ഥാനക്കയറ്റം നല്‍കി ആദരിച്ചു. മനുഷ്യക്കുരുതിക്കുള്ള പ്രതിഫലം!
അണുബോംബ്
ഒരു മൂലകത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ ഏറ്റവും സൂക്ഷ്മമായ ഘടകമാണ് അണു (ആറ്റം). ഇത്തരം അണുക്കളുടെ വിഘടന-സംയോജന പ്രക്രിയകളിലൂടെയാണ് അണുബോംബ് വിസ്‌ഫോടനം സാധ്യമാകുന്നത്. ഇതിന്റെ ശക്തി കണക്കാക്കുന്നത് ടി.എന്‍.ടി എന്ന മാത്രയിലാണ്. ഹിരോഷിമയിലേത് 20,000 ടി.എന്‍.ടി സ്‌ഫോടക ശേഷിയുള്ളതായിരുന്നു. എന്നാല്‍ ഇന്ന് ഇതിനേക്കാള്‍ എത്രയോ മടങ്ങ് ശേഷിയുള്ള അണുബോംബുകള്‍ ലോകരാജ്യങ്ങളുടെ കൈകളിലുണ്ട്. അണുബോംബ് പൊട്ടുമ്പോള്‍ പുറത്തുവരുന്ന ഊര്‍ജം ചുറ്റുമുള്ള വസ്തുക്കളെ ആവിയാക്കുന്നു. ഈ ആവി ചേര്‍ന്ന് അഗ്നിഗോളമായിത്തീരുന്നു.
ഒരു യുദ്ധത്തിന്റെ പരിസമാപ്തി
1939ല്‍ തുടങ്ങിയ രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യം കൂടിയായിരുന്നു അണുബോംബ് പ്രയോഗം. ഇതു ജപ്പാന്റെ തകര്‍ച്ചയായിരുന്നു. ഹിരോഷിമയിലെ ബോംബുവര്‍ഷാനന്തരം സോവിയറ്റ് യൂനിയന്‍ ജപ്പാനുമായി യുദ്ധം പ്രഖ്യാപിച്ചു. തുടര്‍ന്ന് മഞ്ചൂറിയ കീഴടക്കി. 1945 സെപ്റ്റംബര്‍ രണ്ടിന് ജപ്പാന്‍ കീഴടങ്ങി. ടോക്കിയോ ഉള്‍ക്കടലിലെ മിസനറി യുദ്ധക്കപ്പലില്‍വച്ച് ജനറല്‍ മക് ആര്‍തര്‍ ജപ്പാന്റെ കീഴടങ്ങല്‍ ഉടമ്പടി കൈവാങ്ങി. അതോടെ രണ്ടാംലോക മഹായുദ്ധം അവസാനിക്കുന്നത് ഒരു ആണവഭീതിയുടെ നിഴലിലുമായി.
സഡാക്കോ കൊക്കുകള്‍
ഹിരോഷിമയില്‍ അമേരിക്ക ബോംബുവര്‍ഷം നടത്തുമ്പോള്‍ ജപ്പാന്‍കാരിയായ സഡാക്കോവിന് രണ്ടു വയസ് പ്രായം. ദുരന്തഭൂമിയില്‍ വിനാശം നേരിട്ട് ജീവന്‍ മാത്രം അവശേഷിച്ചവര്‍ക്കൊപ്പം അവളും ജീവിച്ചു. 12 വയസായപ്പോള്‍ സഡാക്കോവിനും രോഗബാധയുണ്ടായി. അറ്റോമിക് റേഡിയേഷന്‍ സിന്‍ഡ്രോം എന്നതായിരുന്നു അവളുടെ രോഗം. അവശയായ അവളെ കാണാന്‍ വന്നവരിലൊരാള്‍ അവളോട് കടലാസുകള്‍ കൊണ്ട് വെളുത്ത കൊക്കുകളെ നിര്‍മിക്കാന്‍ പറഞ്ഞു.
ആയിരം കൊക്കുകള്‍ ഇത്തരത്തില്‍ നിര്‍മിച്ചാല്‍ അവളുടെ അസുഖം മാറും എന്ന് സമാശ്വസിപ്പിച്ചു. എന്നാല്‍ ആ ദുരന്തപുത്രിക്ക് 644 കൊക്കുകളെയേ നിര്‍മിക്കാന്‍ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും അവളെ മരണം കൂട്ടിക്കൊണ്ടുപോയി. ലോകത്തിന്നും സമാധാനത്തിന്റെ സന്ദേശവും സഡാക്കോയുടെ സ്മരണയുമുയര്‍ത്തി കൊക്കുകളെ നിര്‍മിച്ചുവരുന്നു.
ദിനാചരണം ഇങ്ങനെ
By കെ. കവിത
- യുദ്ധവിരുദ്ധപ്രതിജ്ഞയും പ്ലക്കാര്‍ഡ് നിര്‍മാണവും വിദ്യാര്‍ഥി റാലിയും നടത്താം. പ്ലക്കാര്‍ഡ് വിവിധ ഭാഷകളില്‍ വേണം. ഇംഗ്ലിഷ്, ഹിന്ദി, മലയാളം, എന്നിവ നിര്‍ബന്ധം.
- കൊളാഷ് നിര്‍മാണ മത്സരം. പ്രദര്‍ശിപ്പിക്കുകയുമാകാം.
- ഹിരോഷിമയിലെ സഡാക്കോ സുസുക്കിയുമായി ബന്ധപ്പെട്ട സഡാക്കോ കൊക്കുകളെ നിര്‍മിക്കാം. ഇവ അസംബ്ലിയില്‍ പ്രതീകാത്മകമായി പറത്താം.
- ലോകനേതാക്കള്‍ക്ക് തുറന്ന കത്തെഴുതി സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പോസ്റ്റ് ചെയ്യാം.
- നമ്മുടെ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും ഇത്തരം കത്തുകള്‍ അയക്കാം.
- സമാധാനഗീതം ആലപിക്കാം.
- പ്രഭാഷണം. യുദ്ധം ലോകത്തിന് എന്തൊക്കെ നേടിക്കൊടുത്തു. ഇന്നും അവസാനിക്കാത്ത യുദ്ധവെറിയുടെ ഇരകള്‍ക്കുവേണ്ടി മൗനപ്രാര്‍ഥനയും.
- പ്രസംഗമത്സരം.
- യുദ്ധവിരുദ്ധ കൂട്ടായ്മയില്‍ മനുഷ്യച്ചങ്ങല തീര്‍ക്കാം.
- യുദ്ധം വിതച്ച നാശങ്ങളും ദുരിതങ്ങളുമായി ബന്ധപ്പെട്ട് ക്വിസ്, ഉപന്യാസരചനാമത്സരം.
- ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ മാതൃകയില്‍ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ പരാമര്‍ശിച്ച് ഡയറിയെഴുത്ത്. ഇവ സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കണം. ഇതും മത്സരമായി നടത്താം.
- പോസ്റ്റര്‍ നിര്‍മാണം. ഭംഗിയായി യുദ്ധവിരുദ്ധമുദ്രാവാക്യങ്ങള്‍ ചേര്‍ക്കണം.
- ലോകത്തു നടന്ന യുദ്ധങ്ങളുടെ പട്ടിക തയാറാക്കാം. അവ രാജ്യത്തിനു എന്തു നല്‍കി എന്ന കണ്ടെത്തല്‍.
- സമാധാനത്തിനുവേണ്ടിയാണോ യുദ്ധം?'ഒരു ബഹുമുഖ ചര്‍ച്ച സംഘടിപ്പിക്കാം.
- നാട്ടിലെ സമാധാന പ്രവര്‍ത്തകര്‍, ഗാന്ധിയന്മാര്‍ തുടങ്ങിയവരെ ക്ഷണിച്ച് യുദ്ധവിരുദ്ധപ്രഭാഷണം നടത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."