നടിക്കെതിരായ അതിക്രമം: ദിലീപിന്റെ മാനേജർ അപ്പുണ്ണി പൊലിസ് ക്ലബ്ബിലെത്തി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണി ചോദ്യം ചെയ്യലിനായി ആലുവ പൊലിസ് ക്ലബ്ബിലെത്തി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയതിന്‍റ അടിസ്ഥാനത്തിലാണ് അപ്പുണ്ണി പൊലിസ് ക്ലബ്ബിലെത്തിയത്.
ഇന്ന് രാവിലെ 11 മണിയ്ക്ക് ആലുവ പൊലിസ് ക്ലബ്ബില്‍ ഹാജരാകണമെന്ന് പൊലിസ് അപ്പുണ്ണിയ്ക്ക് നോട്ടിസ് നല്‍കിയിരുന്നു. മുൻപും പൊലിസ് നോട്ടിസ് നൽകിയെങ്കിലും ഒളിവിലായിരുന്ന അപ്പുണ്ണി ചോദ്യം ചെയ്യലിനു ഹാജരായിരുന്നില്ല.
അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നത് വഴി കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാകുമെന്നാണ് പൊലിസ് കരുതുന്നത്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിവുകള്‍ ലഭിച്ചാല്‍ അപ്പുണ്ണിയേയും കേസില്‍ പ്രതിചേര്‍ക്കും.
കേസിലെ മറ്റൊരു പ്രതി വിഷ്ണുവിനെ നേരിട്ടു കണ്ടതിലും പള്‍സര്‍ സുനിയുടെ ജയിലില്‍നിന്നുള്ള കത്ത് കൈമാറിയതിലും അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് സംശയമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിരുന്നു. കൂടാതെ ദിലീപുമായി പള്‍സര്‍ സുനി കൂടിക്കാഴ്ച നടത്തിയപ്പോഴും ഫോണ്‍വിളിച്ചപ്പോഴും അപ്പുണ്ണി കൂടെയുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ താരങ്ങളെ ഉടന്‍തന്നെ ചോദ്യംചെയ്‌തേക്കും. യുവനടിയെ ദിലീപ് അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായി ചില പ്രമുഖര്‍ക്ക് അറിവുണ്ടായിരുന്നതായി പൊലിസിന് വിവരം ലഭിച്ചിരുന്നു. അഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ പട്ടികയാണ് പൊലിസ് ചോദ്യം ചെയ്യലിനായി തയാറാക്കിയിരിക്കുന്നത്.
അമ്മ വാര്‍ഷിക ജനറല്‍ ബോഡിയില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങളും പൊലിസ് ശേഖരിച്ചിട്ടുണ്ട്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. പൊലിസ് തയാറാക്കിയ പട്ടികയില്‍ മുതിര്‍ന്ന നടന്മാരുമുണ്ടെന്നാണ് സൂചന. മറ്റ് സമ്മര്‍ദങ്ങളില്ലെങ്കില്‍ എല്ലാവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. അമ്മ ജനറല്‍ ബോഡിയില്‍ ദിലീപിനെ സംരക്ഷിച്ച് സംസാരിച്ചവരെയായിരിക്കും ആദ്യം ചോദ്യം ചെയ്യുക. ദിലീപും ആക്രമിക്കപ്പെട്ട നടിയും പങ്കെടുത്ത സ്റ്റേജ് ഷോയുടെ സംവിധായകനായ ഇടവേള ബാബുവിനെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."