സഊദിയില്‍ സ്‌ഫോടനത്തില്‍ സുരക്ഷാസേനാംഗം കൊല്ലപ്പെട്ടു; ആറു പേര്‍ക്ക് പരുക്ക്
ദമാം: കിഴക്കന്‍ സഊദിയില്‍ സുരക്ഷാ സേനക്ക് നേരെ നടന്ന സ്‌ഫോടനത്തില്‍ ഒരു സുരക്ഷാ സേനാംഗം കൊല്ലപ്പെടുകയും ആറു അംഗങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദമാമിനു സമീപം ശീഈകള്‍ തിങ്ങി താമസിക്കുന്ന ഖതീഫില്‍ ഞായറാഴ്ച്ചയാണ് സംഭവം. ഇടയ്ക്കിടെ സുരക്ഷാ സേനക്ക് നേരെ ആക്രമണങ്ങള്‍ പതിവാകുന്ന ഇവിടെ അല്‍ മസൂറ ഗ്രാമത്തില്‍ പതിവ് പട്രോളിംഗില്‍ ഏര്‍പ്പെട്ട സുരക്ഷാ സേനക്ക് നേരെയാണ് ഞായറാഴ്ച്ച ആക്രമണം നടന്നതെന്നു സഊദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു .
സഊദി ആഭ്യന്തര മന്ത്രാലയത്തിന് ഏറെ തലവേദന സൃഷ്ടിക്കുന്ന ഇവിടെ നടന്ന ആക്രമണത്തില്‍ മേജര്‍ മഹ്ദി ബിന്‍ സഈദ് ബിന്‍ ദാഫിര്‍ അല്‍ യാമി എന്ന സുരക്ഷാ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശുശ്രൂഷ നല്‍കി.
അടുത്തിടെ ഇവിടെ നിരവധി ഭീകരവാദികളെ പിടികൂടുകയും ഇവര്‍ക്ക് വേണ്ടി നടത്തിയ തിരച്ചിലിനിടയില്‍ ഉഗ്ര സ്‌ഫോടനങ്ങള്‍ അരങ്ങേറുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ച 15 ഭീകരവാദികളുടെ വധശിക്ഷ രണ്ടു ദിവസം മുന്‍പാണ് സഊദി സുപ്രിം കോടതി ശരിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."