യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍ യുവതി ഗുരുതരാവസ്ഥയില്‍
എടവണ്ണ(മലപ്പുറം): യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗുരുതരാവസ്ഥയിലുള്ള യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. എടവണ്ണ ഒതായി വേരുപാലം സ്വദേശിനി പാലോളി ഫൗസിയ (40)യെയാണ് കഴുത്തിന് ഗുരുതരമായി പരുക്കേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് കൊല്ലം വടക്കേവിള സ്വദേശി റഹ്മത്ത് മഹലില്‍ അഷ്റഫിനെ (52) എടവണ്ണ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് സംഭവം.
എടവണ്ണ സീതി ഹാജി പാലത്തിനടുത്ത് സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വസ്ത്ര മൊത്തവ്യാപാര കേന്ദ്രത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഫൗസിയയെ ഭര്‍ത്താവ് അഷ്റഫ് കടയിലെത്തി കഴുത്തറുത്ത് പരുക്കേല്‍പ്പിച്ചത്. ഡ്രൈവറായ ഇയാള്‍ കൃത്യം നടത്തിയ ശേഷം ഓടി വന്ന് ടിപ്പര്‍ ലോറിയില്‍ കയറി രക്ഷപ്പെടുന്നതിനിടെ നാട്ടുകാര്‍ വാഹനം തടഞ്ഞ് പ്രതിയെ പൊലിസിന് കൈമാറുകയായിരുന്നു. ബ്ലെയ്ഡ് കൊണ്ടാണ് കഴുത്തറുത്തതെന്നു ഇയാള്‍ പൊലിസിനോട് പറഞ്ഞു.
12 വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ ആറ് വര്‍ഷത്തോളമായി പിണങ്ങിയാണ് കഴിഞ്ഞിരുന്നത്. രണ്ടു മക്കളുണ്ട്. ഇതിനിടെ ഫൗസിയ നല്കിയ ഭര്‍തൃപീഡന പരാതിയെ തുടര്‍ന്ന് അഷ്റഫ് രണ്ട് മാസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നതായും പറയുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ക്രൂര കൃത്യത്തിന് കാരണമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."