സ്കൂളില്‍ അഭ്യാസപ്രകടനം; ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
കൊല്ലം: വിനോദയാത്രയ്ക്കായെത്തിയ ടൂറിസ്റ്റ് ബസ് സ്കൂള്‍ വളപ്പില്‍ അപകടകരമായ രീതിയില്‍ ഓടിച്ച് അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും പൊലിസും നടപടി ആരംഭിച്ചു. കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ സ്കൂളില്‍നിന്ന് യാത്ര പോയി മടങ്ങി വന്ന ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ബസ് ഡ്രൈവര്‍ താഴത്ത് കുളക്കട രഞ്ജു ഭവനില്‍ രഞ്ജു. ജി യുടെ ലൈസന്‍സ് റദ്ദ് ചെയ്തു. ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി. ഇതോടൊപ്പം സ്കൂളില്‍ അപകടകരമാം വിധം ഓടിച്ച ബൈക്കുകളില്‍ ഒന്ന് ഉടമയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത് പുത്തൂര്‍ പൊലിസിന് കൈമാറി. അപകടകരമാം വിധം ഓടിച്ച കാര്‍ പുത്തൂര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബസിന്റെയും കാറിന്റെയും ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്ത് ഇവരെ ജാമ്യത്തില്‍ വിട്ടു.
സ്കൂളില്‍നിന്ന് വിനോദയാത്രയ്ക്ക് പോകുന്നതിനു മുന്നോടിയായി കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ദൃശ്യങ്ങള്‍ പുറത്ത് പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. പിന്നീട് സ്കൂള്‍ അധികൃതര്‍ക്കും ബസ് അധികൃതര്‍ക്കുമെതിരേ കെസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. സമാന രീതിയില്‍ അഞ്ചല്‍ ഈസ്റ്റ് ഹൈസ്കൂള്‍ ഗ്രൗണ്ടിലും വിനോദ യാത്ര പോകുന്നതിന് മുന്‍പ് ബസുകളുടെ അഭ്യാസ പ്രകടനം നടന്നിരുന്നു. ഈ ബസുകള്‍ തിരിച്ചെത്തുന്ന മുറക്ക് നടപടിയുണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. കൂടാതെ ഈ ബസുകളിലൊന്ന് തമിഴ്നാട്ടില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ നടത്തിയ മറ്റ് അഭ്യാസങ്ങളുടെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."