നജഫിലെ ഇറാന്‍ കോണ്‍സുലേറ്റിന് പ്രക്ഷോഭകാരികള്‍ തീയിട്ടു
ബഗ്ദാദ്: ഇറാഖില്‍ ഭരണവിരുദ്ധ പ്രക്ഷോഭകര്‍ തെക്കന്‍ വിശുദ്ധനഗരമായ നജഫിലെ ഇറാന്‍ കോണ്‍സുലേറ്റിന് തീയിട്ടു. സമീപത്തെ റോഡുകള്‍ തടസ്സപ്പെടുത്തിയ പ്രക്ഷോഭകര്‍ കോണ്‍സുലേറ്റ് വളഞ്ഞ് കെട്ടിടത്തിന് തീവയ്ക്കുകയായിരുന്നു. കോണ്‍സുലേറ്റ് ആക്രമണത്തെ ഇറാഖ് ശക്തമായി അപലപിച്ചു.
ആക്രമണ സംഭവങ്ങളെത്തുടര്‍ന്ന് നജഫ് അടങ്ങിയ തെക്കന്‍ പ്രവിശ്യയില്‍ സര്‍ക്കാര്‍ സൈന്യത്തെ വ്യന്യസിച്ചിരിക്കുകയാണ്. ഇറാഖില്‍ ആഴ്ചകളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നവരുടെ ഇറാന്‍വിരുദ്ധത വികാരത്തിന്റെ ശക്തമായ പ്രകടനമായാണ് കോണ്‍സുലേറ്റ് ആക്രമണത്തെ വിലയിരുത്തുന്നത്. കോണ്‍സുലേറ്റ് ആക്രമണത്തെ ഇറാന്‍ വിദേശ കാര്യ മന്ത്രാലയവും അപലപിച്ചു. അക്രമികള്‍ക്കെതിരേ ഇറാഖ് ഭരണകൂടം ശക്തമായ നടപടിയെടുക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് നജഫില്‍ നേരത്തെ തന്നെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. പ്രക്ഷോഭകാരികള്‍ കെട്ടിടത്തിന് തീവയ്ക്കുന്നതിന് മുമ്പ് തന്നെ ജീവനക്കാരെ പിന്‍വാതിലിലൂടെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു. സംഭവസ്ഥലത്ത് പൊലിസ് നടത്തിയ വെടിവയ്പ്പില്‍ പ്രക്ഷോഭകരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരുക്കേറ്റു. കോണ്‍സുലേറ്റിന് സമീപത്തു നിന്ന് ഇറാന്‍ പതാക എടുത്തുമാറ്റിയ പ്രക്ഷോഭകര്‍ പകരം ഇറാഖ് പതാക സ്ഥാപിച്ചു.
ഇതിനിടെ തെക്കന്‍ നഗരമായ നാസറിയയില്‍ പ്രക്ഷോഭകര്‍ക്കെതിരേ സൈന്യം നടത്തിയ വെടിവയ്പ്പിലും കണ്ണീര്‍വാതക പ്രയോഗത്തിലും 26 പേര്‍ കൊല്ലപ്പെട്ടു. സൈനിക നടപടിയില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും നിരവധി പേരുടെ നില ഗുരുതരമാണെന്നും അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ബഗ്ദാദിലും ഷിയ ഭൂരിപക്ഷ പ്രദേശങ്ങളിലുമാണ് പ്രക്ഷോഭം രൂക്ഷമായത്. ഒക്ടോബര്‍ ആദ്യവാരത്തിലാണ് ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭകാരികള്‍ക്കെതിരേയുള്ള സൈനിക നടപടിയില്‍ 360 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. പരുക്കേറ്റവര്‍ 1500ല്‍ ഏറെ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."