കടുവയെ കണ്ടെത്തിയില്ല: കാടുകയറിയെന്ന് വനംവകുപ്പ്; ഇല്ലെന്ന് നാട്ടുകാര്‍
കുറ്റ്യാടി: മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന ജനവാസ കേന്ദ്രങ്ങളില്‍ കടുവയുടെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചു. അവസാനമായി ചക്കിട്ടപ്പാറ ചെമ്പനോടയിലായിരുന്നു കടുവയെ കണ്ടത്. ഇതേതുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ ഈ ഭാഗത്താണ് തിരച്ചില്‍ തുടര്‍ന്നത്. തുമ്പൊന്നും ലഭിക്കാത്തതിനാല്‍ ഉച്ചയോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. പടക്കം പൊട്ടിച്ച് കടുവയെ ജനവാസ മേഖലയില്‍ നിന്ന് ഓടിച്ചതായും ഭയപ്പെടേണ്ടതില്ലും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കടുവ പ്രദേശം വിട്ടുപോയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കടുവയെ പിടികൂടാതെ പടക്കംപൊട്ടിച്ച് ഓടിച്ചതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഞായറാഴ്ച രാവിലെ 9.30തോടെ മരുതോങ്കര വണ്ണാത്തിച്ചിറയിലെ റബര്‍ തോട്ടത്തില്‍ ടാപ്പിങ് നടത്തുന്ന തൊഴിലാളിയാണ് കടുവയെ ആദ്യം കണ്ടത്. തുടര്‍ന്ന് ചെമ്പനോടയിലേക്കു പോയ കടുവ വീണ്ടും വണ്ണാത്തിച്ചിറയിലെത്തി. നാട്ടുകാരുടെ ബഹളത്തില്‍ വീണ്ടും ചെമ്പനോടയിലേക്കു തന്നെ മാറി. തിരച്ചിലിനായി താമരശേരിയില്‍ നിന്നു ഫോറസ്റ്റ് ദ്രുതകര്‍മ സേനയും സ്ഥലത്തെത്തിയിരുന്നു. പരിശോധനയ്ക്കിടെ 20 സെന്റിമീറ്റര്‍ നീളമുള്ള കാല്‍പാടുകളും കടുവയെയും അധികൃതര്‍ കണ്ടിരുന്നു.
ഞായറാഴ്ച രാത്രി വൈകിയും സാറ്റ്‌ലൈറ്റ് ഉപകരണം വഴി പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല. ഇതിനിടെ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് കയറ്റിവിടാനുള്ള വനംവകുപ്പിന്റെ നീക്കത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ പിടിച്ചുകൊണ്ടുപോകുമെന്ന ധാരണയില്‍ തിരച്ചില്‍ വീണ്ടും തുടരുകയായിരുന്നു. എന്നാല്‍ യോഗതീരുമാനത്തിനെതിരായി ഇന്നലെയും പടക്കം പൊട്ടിച്ച വനം വകുപ്പിന്റെ നടപടിയിലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
കടുവയെ പിടികൂടാത്തത് തങ്ങളുടെ സൈ്വരവിഹാരത്തിന് തടസമായെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച കെണി നീക്കം ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."