'സ്ത്രീയായിപ്പോയി അല്ലെങ്കില്‍ തല്ലിച്ചതച്ചേനെ'എന്ന് അഭിഭാഷകരുടെ ഭീഷണി
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട സംഭവത്തില്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ എഫ്.ഐ.ആര്‍ പുറത്ത്.
മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തിയെന്നും തടഞ്ഞു വച്ച് വെല്ലുവിളിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനാണ് അഭിഭാഷകര്‍ മജിസ്‌ട്രേറ്റ് ദീപ മോഹനെ കോടതി മുറിയില്‍ പൂട്ടിയിട്ടത്.
ജാമ്യം നിഷേധിച്ച ഉത്തരവ് പിന്‍വലിക്കുന്നോ ഇല്ലയോ എന്ന് ചോദിച്ചായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. പിന്നാലെ കൂടുതല്‍ അഭിഭാഷകരെ ചേമ്പറിന് മുന്നിലെത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയും മജ്‌സ്‌ട്രേറ്റിനെ തടഞ്ഞുവയ്ക്കുകയും ചെയ്തു.
ശേഷം ഇവിടെനിന്ന് പുറത്തിറങ്ങുന്നത് കാണട്ടെയെന്ന് അഭിഭാഷകര്‍ വെല്ലുവിളിച്ചു. വക്കീലന്മാരെ പേടിപ്പിക്കേണ്ടായെന്നും സ്ത്രീയായി പോയി അല്ലെങ്കില്‍ ചേമ്പറില്‍ നിന്ന് വലിച്ച് പുറത്തിട്ട് തല്ലിച്ചതച്ചേനെയെന്നും അഭിഭാഷകര്‍ മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
കേസില്‍ ആകെ പന്ത്രണ്ട് പ്രതികളില്‍ മജിസ്‌ട്രേറ്റിന്റെ ചേമ്പറിന് മുന്നില്‍ ആദ്യമെത്തിയ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി ജയചന്ദ്രന്‍ ഒന്നാം പ്രതിയും സെക്രട്ടറി പാച്ചല്ലൂര്‍ രാധാകൃഷ്ണന്‍ രണ്ടാം പ്രതിയുമാണ്.
കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനും മഹസര്‍ തയാറാക്കാനും വഞ്ചിയൂര്‍ പൊലിസ് ജില്ലാ ജഡ്ജിയോട് ഇന്നലെ അനുമതി തേടി.
അതേസമയം വനിതാ മജിസ്‌ട്രേറ്റിനെ അപമാനിച്ച് അഭിഭാഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശവും പുറത്തായി. ഇവര്‍ക്ക് യാതൊരു മുന്‍പരിചയവുമില്ലെന്നും കോടതിയുടെ വരാന്ത പോലും കണ്ടിട്ടില്ലെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. വീട്ടിലിരുന്ന് പരീക്ഷ എഴുതി പാസായതാണെന്നും കോടതി നടപടിക്രമങ്ങള്‍ അറിയില്ലെന്നും സന്ദേശത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."