മുടിക്കോട് പള്ളിയില്‍ വീണ്ടും കാന്തപുരം വിഭാഗത്തിന്റെ അക്രമം
മഞ്ചേരി: മുടിക്കോട് പള്ളിയില്‍ അത്രിക്രമിച്ചു കയറി വീണ്ടും കാന്തപുരം വിഭാഗത്തിന്റെ അക്രമം. ഇന്നലെ മഗ്‌രിബ് നിസ്‌കാരത്തിനെത്തിയവരാണ് കാന്തപുരം വിഭാഗം പ്രവര്‍ത്തകരുടെ ക്രൂരതയ്ക്ക് ഇരയായത്. പള്ളിക്കകത്ത് കയറി അഴിഞ്ഞാടിയ സംഘം അവിടെ ഉണ്ടായിരുന്നവരെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും മര്‍ദിക്കുകയുമായിരുന്നു.
അക്രമത്തില്‍ പരുക്കേറ്റ മഹല്ല് ഖതീബും ഖാസിയുമായ മുഹമ്മദ് ബശീര്‍ ദാരിമി ഉള്‍പ്പെടെയുള്ള അഞ്ചാളുകളുടെ നില ഗുരുതരമാണ്. മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ് പ്രാര്‍ഥന തുടങ്ങാനിരിക്കെയാണ് സംഘടിച്ചെത്തിയ ഇരുപതോളം കാന്തപുരം സുന്നി പ്രവര്‍ത്തകര്‍ പള്ളിയിലേക്ക് ഇരച്ചു കയറിയത്. ഇരുമ്പുകമ്പി, വാളുകള്‍, മറ്റ് മാരകായുധങ്ങള്‍ എന്നിവയുമായി പള്ളിയുടെ വാതിലുകളിലൂടെ അതിക്രമിച്ച് കടന്നവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. മഗ്‌രിബ് നിസ്‌കാരത്തിനു നേതൃത്വം നല്‍കിയ പള്ളി ഖതീബ് ബശീര്‍ ദാരിമിയുടെ കൈക്കും കാലിനും കഴുത്തിലുമാണ് വെട്ടേറ്റത്. അക്രമത്തില്‍ മഹല്ല് കമ്മിറ്റി ഭാരവാഹി ഒ.ടി മുഹമ്മദ്കുട്ടി, കെ.എം.സി.സി നേതാവ് എം.കെ അബ്ദുറഹ്മാന്‍കുട്ടി, ഇബ്രാഹീം ഓളിക്കല്‍, വെളിമുക്ക് മുജീബ് എന്നിവര്‍ക്കും മാരകമായി പരുക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ പള്ളിയില്‍ നിസ്‌കാരത്തില്‍ പങ്കെടുത്ത പതിനഞ്ചോളം പേര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്.
കാന്തപുരം വിഭാഗം നിരന്തരം അക്രമം അഴിച്ചുവിട്ടിരുന്ന പള്ളിയില്‍ വഖ്ഫ് ബോര്‍ഡ് നടത്തിയ തെരഞ്ഞെടുപ്പില്‍ സമസ്ത പാനല്‍ വിജയിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ കാന്തപുരം വിഭാഗം അക്രമം പതിവാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയില്‍ നിന്നു ശേഖരിച്ച പണം അപഹരിച്ചവര്‍ക്കെതിരേ മഹല്ല് കമ്മിറ്റി പൊലിസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ മൂന്ന് കാന്തപുരം സുന്നി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് വിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ അക്രമികള്‍ പള്ളിക്കകത്ത് അക്രമം കാണിച്ചത്.
അക്രമങ്ങള്‍ അവസാനിപ്പിക്കണം: സമസ്ത
മലപ്പുറം: ആരാധനാലയങ്ങള്‍ക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന അക്രമം അവസാനിപ്പിക്കണമെന്നും അതിന് ഒത്താശചെയ്തുകൊടുക്കുന്നവര്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു.
നല്ല രീതിയില്‍ നടന്നു വരുന്ന മഹല്ലുകളില്‍ ആസൂത്രിതമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം. ഇതിനെതിരേ നിയമപാലകര്‍ ശക്തമായ നിലപാട് സ്വീകരിക്കണം. വഖ്ഫ് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ഭരണസമിതിയാണ് നിലവില്‍ ഭരണം നടത്തുന്നത്. ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും അക്രമം അടിച്ചമര്‍ത്താനും നിയമപാലകര്‍ സന്നദ്ധരാകണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."