മാര്‍ക്ക് ദാനം: സര്‍വകലാശാല വി.സിമാരുടെ യോഗം വിളിക്കുമെന്ന് ഗവര്‍ണര്‍
കൊച്ചി: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം എറണാകുളം ഗസ്റ്റ് ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
കൊച്ചിയിലാണ് വി.സിമാരുടെ യോഗം ചേരുക. പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയാറല്ല. എം.ജി യൂനിവേഴ്‌സിറ്റി മാര്‍ക്ക് ദാനം റദ്ദാക്കിയ വിവരം അറിഞ്ഞിട്ടുണ്ട്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും. സിന്‍ഡിക്കേറ്റ് അധികാരപരിധിക്കപ്പുറം പ്രവര്‍ത്തിച്ചുവെന്ന് മനസിലാക്കി തെറ്റ് തിരുത്തിയിട്ടുണ്ട്.
മാര്‍ക്ക് തട്ടിപ്പ് കേസില്‍ കര്‍ശന നടപടി എടുക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെതിരായി നടന്ന സംഭവത്തില്‍ അഭിഭാഷകര്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതായിരുന്നു.
നീതി നടപ്പാക്കാനുള്ള സംവിധാനത്തിന്റെ ഭാഗമാണ് അവരും. സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ താന്‍ സംതൃപ്തനാണ്. നീതിപീഠത്തിന് സമ്മര്‍ദമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. വാളയാര്‍ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ഇതില്‍ സര്‍ക്കാരിന്റെ ജാഗ്രത ആവശ്യമാണ്. ജനങ്ങള്‍ക്ക് നീതി ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അനാവശ്യമായ ഇടപെടലുകള്‍ നടത്തുകയല്ല ഗവര്‍ണറുടെ ജോലി, ഭരണസംവിധാനം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."