ജീവിതം വരക്കുകയാണ് ഈ പഞ്ചായത്ത് പ്രസിഡന്റ്
നജീബ് മുറ്റിച്ചൂര്‍
അന്തിക്കാട്: തിരക്കു പിടിച്ച ജനസേവനത്തിനിടയിലും ഭാവനകളെ കാന്‍വാസിലെ ചിത്രങ്ങളാക്കി മാറ്റുന്നതില്‍ ഏകാഗ്രതയോടെ പഞ്ചായത്ത് പ്രസിഡന്റ്. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സനാണ് ജന സേവനത്തിനിടയിലും ചിത്രങ്ങള്‍ വരച്ച് ആത്മസംതൃപ്തി നേടുന്നത്. ശ്രീവത്സന്‍ കാന്‍വാസില്‍ വരഞ്ഞിടുന്ന ചിത്രങ്ങളില്‍ ഗ്രാമീണ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും തുടിപ്പുകളുണ്ട്. ചിത്രം വര എന്നത് പ്രസിഡന്റിന് ഒരു ഉപജീവന മാര്‍ഗം കൂടിയാണ്. പെയിന്റും ബ്രഷും പെന്‍സിലും കിട്ടിയാല്‍ നിമിഷ നേരം കൊണ്ട് ചിത്രങ്ങള്‍ വരക്കുന്ന ശ്രീവത്സന്‍ സിനിമ ആര്‍ട്ട് അസിസ്റ്റന്റ് കൂടിയാണ്.
സെല്ലുലോയ്ഡ്, പ്രഭുവിന്റെ മക്കള്‍, ലക്കി സ്റ്റാര്‍, ഓഗസ്റ്റ് ക്ലബ് എന്നി സിനിമകളിലാണ് ആര്‍ട്ട് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ളത്. ഛായാചിത്രങ്ങളും ചുമര്‍ചിത്രങ്ങളും വരയ്ക്കുന്നതില്‍ വിദഗ്ധനായ പ്രസിഡന്റ് നല്ലൊരു നാടക നടന്‍ കൂടിയാണ്. സിനിമ, നാടകം, ചിത്രകല എന്നിവയില്‍ വിദഗ്ധനായിരുന്ന ഡ്രോയിങ് അധ്യാപകന്‍ അന്തിക്കാട് വീട്ടില്‍ പരേതനായ വാസന്റെ മകനാണ് 46 കാരനായ ശ്രീവത്സന്‍.
ചിത്രം വര എന്ന കല തനിക്ക് പാരമ്പര്യമായി ലഭിച്ചതാണെന്ന് ശ്രീവത്സന്‍ പറഞ്ഞു. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് ചിത്രകലയെ പ്രണയിച്ച ശ്രീവത്സന്‍ നല്ല പ്രാസംഗികന്‍ കൂടിയാണ്. അന്തിക്കാട്പഞ്ചായത്തിന്റെ പ്രസിഡന്റ് പദം ഏറ്റെടുത്തിട്ട് ഇപ്പോള്‍ ഒരു വര്‍ഷമായി. മുന്‍പ് രണ്ടര കൊല്ലം പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. ഒഴിവു സമയങ്ങളിലാണ് ശ്രീവത്സന്‍ ചിത്രം വരയ്ക്കാന്‍ സമയം കണ്ടെത്തുന്നത്.നൂറു കണക്കിന് ഛായാചിത്രങ്ങളും ചുമര്‍ചിത്രങ്ങളും വരച്ച ശ്രീവത്സന്‍ മികച്ച സംഘാടകന്‍ കൂടിയാണ്. പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ തന്റെ ഭാവനയിലൂടെ ചിത്രങ്ങളാക്കി മാറ്റുന്ന പ്രസിഡന്റെന്ന പ്രത്യേകതയും ശ്രീവത്സനുണ്ട്. കാരമുക്ക് സര്‍വിസ് സഹകരണ സംഘത്തിലെ ജീവനക്കാരിയായ ഭാര്യ ആശയുടെ പ്രചോദനവും പ്രോത്സാഹനവും ഒപ്പമുണ്ട്. മക്കളായ ആദിയും ദിയയും നന്നായി ചിത്രം വരയ്ക്കുന്നവരാണ്.കാര്‍ത്തികയാണ് അമ്മ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."