ഗതാഗത നിയന്ത്രണം: ചെറുവാഹനങ്ങളെ കടത്തി വിടല്‍ തുടങ്ങി
പട്ടാമ്പി: കുളപ്പുള്ളി റോഡില്‍ ഇന്റര്‍ലോക്ക് വിരിക്കുന്നതിന്റെ ഭാഗമായി ഗതാഗതം നിരോധിച്ചതില്‍ ഇളവ്. ബൈക്ക്, ഓട്ടോറിക്ഷ, കാറുകള്‍ തുടങ്ങിയ ചെറുവാഹനങ്ങളെ മാത്രം ഇപ്പോള്‍ കടത്തി വിടുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പട്ടാമ്പി താലൂക്ക് വികസന സമിതി യോഗത്തില്‍ റോഡിനെ ചൊല്ലി ആക്ഷേപമുയര്‍ന്നിരുന്നു.
വാടാനാംകുര്‍ശ്ശി മാട് മുതല്‍ സൗദി സ്റ്റീല്‍ വരെയാണ് വാഹന ഗതാഗതം ആരംഭിച്ചത്. സേവന ആശുപത്രിയുടെ ഭാഗത്ത് കട്ടവിരിക്കല്‍ പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. അതുകഴിഞ്ഞാല്‍ പൂര്‍ണമായും തുറന്നുകൊടുക്കും. 60 ലക്ഷം രൂപ ചെലവില്‍ പാതയിലെ മൂന്നിടങ്ങളിലാണ് കട്ട വിരിച്ച് നവീകരിക്കുന്നത്. ഡിസംബര്‍ അഞ്ചുവരെയാണ് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജനങ്ങളുടെ യാത്രാ ക്ലേശം കണക്കിലെടുത്താണ് നിര്‍മാണം പൂര്‍ത്തിയായ ഭാഗങ്ങളിലൂടെ ചെറു വാഹനം കടത്തിവിടാനുള്ള തീരുമാനമെടുത്തതെന്ന് മുഹമ്മദ് മുഹ്സിന് എം.എല്‍.എ പറഞ്ഞു.
നിലവില്‍ കുളപ്പുള്ളിയില്‍നിന്നും വന്ന് സൗദി സ്റ്റീല്‍ ഭാഗത്തുനിന്നും തിരിഞ്ഞ് ചെര്‍പ്പുളശ്ശേരി റോഡ് വഴിയാണ് ഗതാഗതം. സേവന ആശുപത്രിയുടെ ഭാഗത്തെ നവീകരണം പൂര്ത്തിയാകുന്നതോട്കൂടി ഗതാഗതം സാധാരണ നിലയിലാവും. വലിയ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം തുടരും. കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്തെ സുരക്ഷ കണക്കിലെടുത്താണ് വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രധാന പാതയില്‍ ആഴ്ചകളോളം ഗതാഗതം തടഞ്ഞുകൊണ്ട് നടത്തുന്ന നവീകരണ യജ്ഞങ്ങള്ക്കെതിരേ വ്യാപകമായി വിമര്‍ശനമുയര്‍ന്നു. കൂടുതല്‍ തൊഴിലാളികളെ പകലിരവ് നിയോഗിച്ച് പണി നടത്തണമെന്നും ആവശ്യമുയര്‍ന്നു. അതേസമയം അഴുക്കുചാല്‍ കീറാതെ നടക്കുന്ന നവീകരണ പ്രവൃത്തികൊണ്ട് ഗുണം ലഭിക്കില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."