നിറംകെട്ട ഓര്‍മകളുടെ അക്ഷരാവിഷ്‌കാരം
ഓരോ വരികളും തെളിഞ്ഞുനില്‍ക്കുന്ന എഴുത്തുകാരിയുടെ ശ്രദ്ധ, കരുതല്‍, സൂഷ്മത അതാണ് 'മഞ്ഞ നദികളുടെ സൂര്യന്‍' വായിച്ചുതീരുമ്പോള്‍ കിട്ടിയ സന്തോഷം. നക്‌സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍, കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും പ്രണയവും പ്രണയ നഷ്ടവും എല്ലാം കോര്‍ത്തിണക്കി, മനോഹരമായ, ലളിതമായ ഭാഷയില്‍ എഴുതിയിരിക്കുന്നു.
ചില സന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങളുടെ സഞ്ചാരം ഇവയെല്ലാം പരിചിതമായ തലങ്ങള്‍ പോലെ മുന്‍കൂട്ടി കാണാനാകുമെങ്കിലും, ഇത്രയും ഗൗരവതരമായ ഒരു വിഷയം, കൈകാര്യം ചെയ്യുന്നു എന്ന ഒറ്റക്കാരണം ഈ പുസ്തകത്തെ, മറ്റൊരു വായനാ തലത്തിലേക്കാണ് കൊണ്ടുവന്നത്.
പുല്‍പ്പള്ളി തലശ്ശേരി പൊലിസ് സ്റ്റേഷന്‍ ആക്രമണം, കായെണ്ണ പൊലിസ് സ്റ്റേഷന്‍ ആക്രമണം, കക്കയം ക്യാംപ് തുടങ്ങിയ വിവരണങ്ങള്‍ എഴുപതുകളിലേക്കും എണ്‍പതുകളിലേക്കും വായനക്കാരെ അത്യാകാംക്ഷയോടെ കൊണ്ടുപോകുന്നു. ചര്‍ച്ച ചെയ്യപ്പെടേണ്ട കഥയാണ്.
നീലലോഹിതം
നീലലോഹിതം ചെറുകഥകളുടെ സമാഹാരമാണ്. കുറഞ്ഞ വാക്കുകളില്‍ എഴുതിയിരിക്കുന്ന ഇരുപത്തിമൂന്ന് കഥകള്‍. ക്രൂരമായ ലൈംഗികാസക്തികള്‍ക്ക് ഇരകളാകുന്ന സ്ത്രീകള്‍ പലപ്പോഴും വിഷയങ്ങളാകുന്നുണ്ട്. സെക്‌സ് ടോയ്‌സ് വില്‍ക്കാന്‍ നടക്കുന്ന അയാളുടെ മകള്‍, തന്റെ ഭാവി വരനെ കാണാന്‍ വന്ന്, ബലാത്സംഗത്തിനിരയായി കേരളത്തെ ശപിച്ച് പോകുന്ന മറുനാടന്‍ പെണ്ണ്, ഷഷ്ഠിപൂര്‍ത്തിയുടെ ആഘോഷങ്ങള്‍ക്കിടയില്‍ പേരക്കുട്ടിയോളം പ്രായമുള്ളൊരുവനാല്‍ ചീന്തപ്പെട്ട്, മരിച്ചുപോകുന്ന ലക്ഷ്മിയമ്മ, ഒന്‍പതില്‍ പഠിക്കുന്ന ഗര്‍ഭിണിയായ തനൂജ എന്നിവരെല്ലാം നാം അറിയുന്നവര്‍ തന്നെയാണ്. പല സമയങ്ങളില്‍ എഴുതിയ കഥകള്‍ ഒരുമിച്ചുകൂട്ടിയ സമാഹാരം ഒറ്റയടിക്ക് വായിക്കുമ്പോള്‍, വിഷയ സ്വീകരണത്തിലെ ആവര്‍ത്തനം ശ്രദ്ധിക്കാതെ പോകാനാവില്ല എന്നും കാണാം. എങ്കിലും കഥാപരിസരങ്ങളുടെ വൈവിധ്യം വായനയെ മുന്നോട്ടുനടത്തുന്നു.
ആഖ്യാനത്തില്‍ വരുത്തിയിട്ടുള്ള സൂക്ഷ്മതയും അടക്കത്തോടെ പറഞ്ഞിരിക്കുന്ന ഉള്ളടക്കവും കഥകളിലും നോവലിലും പ്രതിഫലിക്കുന്നു. അധികം അലങ്കാരങ്ങളില്ലാതെ പറഞ്ഞിരിക്കുന്ന കൃതികള്‍ ചെറുതെങ്കിലും ചിന്തിപ്പിക്കുന്നവയാണ്.
മലപ്പുറം സ്വദേശിനിയായ ഷീബ, മലയാളത്തിലേക്ക് വിവിധ കൃതികള്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലിചെയ്യുന്ന ഷീബയുടെ കഥകള്‍, മറ്റ് പല ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പത്മരാജന്‍ പുരസ്‌കാരം, പൊന്‍കുന്നം വര്‍ക്കി നവലോകം കഥാപുരസ്‌കാരം തുടങ്ങി നിരവധി നേട്ടങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."