പ്രാദേശിക സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഇന്ന്:കണ്ണൂര്‍ നഗരത്തിലെ ലോഡ്ജുകള്‍ നിറഞ്ഞുകവിഞ്ഞു
കണ്ണൂര്‍: കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 122 ഇന്‍ഫന്‍ട്രി ബറ്റാലിയനിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ഇന്നു കണ്ണൂര്‍ കോട്ട മൈതാനിയില്‍ നടക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണു ഇന്നു റാലി നടത്തുന്നത്.
റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാനായി നിരവധി പേരാണ് ഇന്നലെ നഗരത്തിലെത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റുമുള്ള ഉദ്യോഗാര്‍ഥികള്‍ നഗരത്തിലെ ലോഡ്ജുകളിലും മറ്റുമാണു താമസിക്കുന്നത്. ലോഡ്ജുകളും മുറികളുമെല്ലാം നിറഞ്ഞതോടെ പലരും ബസ്സ്റ്റാന്റിലും വഴിയോരത്തുമൊക്കെയായി കിടന്നുറങ്ങുകയായിരുന്നു. നഗരത്തില്‍ നിന്നും വിട്ടുമാറി താമസസ്ഥലങ്ങള്‍ അന്വേഷിച്ചവരും നിരവധിയാണ്. ഹോട്ടലുകളില്‍ ഭക്ഷണം തീര്‍ന്നതോടെ പലരും തട്ടുകടകളെയും റെയില്‍വേ കാന്റീനുകളെയുമാണ് ആശ്രയിച്ചത്.
മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ദാദര്‍, ഗോവ, ഡാമന്‍ദ്യൂ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലുള്ളവര്‍ക്കായി നാളെയാണു കായികക്ഷമതാ പരീക്ഷ. 3, 4 തിയതികളില്‍ മെഡിക്കല്‍ പരിശോധന, രേഖ പരിശോധന, ട്രേഡ് ടെസ്റ്റ്, അഭിമുഖം എന്നിവ നടക്കും. ജനറല്‍ ഡ്യൂട്ടി, വാഷര്‍മാന്‍, ക്ലാര്‍ക്ക്, ഹൗസ്‌കീപ്പര്‍ എന്നീ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ്. എസ്.എസ്.എല്‍.സിക്ക് 45 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് ജനറല്‍ ഡ്യൂട്ടി തസ്തികയ്ക്ക് അപേക്ഷിക്കാം. കംപ്യൂട്ടറില്‍ പ്രാവീണ്യമുള്ള 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് ക്ലാര്‍ക്ക് തസ്തികയിലേക്കും എട്ടാം ക്ലാസ് പാസായവര്‍ക്ക് ഹൗസ് കീപ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. 160 സെന്റി മീറ്റര്‍ ഉയരം, 77-82 സെന്റിമീറ്റര്‍ നെഞ്ചളവ്, 50 കിലോ തൂക്കം എന്നിവ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."