കന്യാസ്ത്രീ പീഡനം: ഫ്രാങ്കോയുടെ ജാമ്യകാലാവധി നീട്ടി
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യകാലാവധി നീട്ടി. കോട്ടയം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി കേസ് പരിഗണിക്കുന്നത് ജനുവരി ആറിലേക്ക് മാറ്റിയത്.
കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ശേഷം പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചിരുന്ന കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിക്കുന്നതടക്കമുള്ള നടപടികളാണ് പ്രാഥമിക ഘട്ടത്തിലുള്ളത്.
ഈ ഘട്ടത്തില്‍ കുറ്റവും വകുപ്പുകളും ഉള്‍പ്പെടെ വായിച്ചു കേള്‍ക്കാനാണ് പൊലിസ് സമന്‍സിന്റെ അടിസ്ഥാനത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ നേരിട്ട് കോടതിയില്‍ വിളിച്ചു വരുത്തിയത്.
എന്നാല്‍ കേസ് പരിഗണിക്കുന്നത് ജനുവരി ആറിലേക്ക് മാറ്റിയ കോടതി ഫ്രാങ്കോയുടെ ജാമ്യവും നീട്ടി നല്‍കുകയായിരുന്നു.
കോടതിയില്‍ എത്തുന്നതിന് മുന്‍പായി നാഗമ്പടത്തെ സെന്റ് ആന്റണീസ് പള്ളിയില്‍ പ്രാര്‍ഥന നടത്തി.
അതിനുശേഷം പതിനഞ്ചോളം വൈദികര്‍ക്ക് ഒപ്പമാണ് ഫ്രാങ്കോ മുളയ്ക്കല്‍ കോട്ടയം ജില്ല അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായത്.
കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ഏപ്രിലില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.
മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന അഞ്ച് കുറ്റങ്ങളാണ് ഫ്രാങ്കോയ്‌ക്കെതിരേ ചുമത്തിയിട്ടുള്ളത്.
ഇതില്‍ 5 മുതല്‍ 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."