ഗൂര്‍ഖാലാന്‍ഡ്: പ്രക്ഷോഭകര്‍ കേന്ദ്രത്തിന് അന്ത്യശാസനം നല്‍കി
ഡാര്‍ജിലിങ്: ബംഗാള്‍ വിഭജിച്ച് ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ പ്രക്ഷോഭകര്‍ കേന്ദ്ര സര്‍ക്കാരിന് 10 ദിവസം സമയം അനുവദിച്ചു.
സംസ്ഥാന രൂപീകരണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഡാര്‍ജിലിങ്ങില്‍ തുടങ്ങിയ അനിശ്ചിതകാല ബന്ദ് 47 ദിവസം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭകര്‍ കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം നല്‍കിയത്.
പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെങ്കില്‍ മേഖലയില്‍ പ്രക്ഷോഭകര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടാകുമെന്ന് ഗൂര്‍ഖാ ജന്‍മുക്തി മോര്‍ച്ച ജന.സെക്രട്ടറി ബിനെയ് തമാങ് പറഞ്ഞു.
ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനുവേണ്ടി വാദിക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 30 അംഗങ്ങള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനുമുന്നില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇവര്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ഡാര്‍ജിലിങ്ങിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് 47 ദിവസം നീണ്ടുനില്‍ക്കുന്ന ബന്ദ് നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ദൃഢമായ ഒരു തീരുമാനത്തില്‍ എത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഭാരതീയ ഗൂര്‍ഖാ പരിസംഘ് പ്രസിഡന്റ് സുഖ്മാന്‍ മൊക്താന്‍ പറഞ്ഞു.
അതേസമയം ഡാര്‍ജിലിങ്ങിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ വഴികളിലും സുരക്ഷ മുന്‍നിര്‍ത്തി പൊലിസും സി.ആര്‍.പി.എഫും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ബന്ദിനെ തുടര്‍ന്ന് ജനജീവിതം തടസപ്പെട്ട സാഹചര്യത്തില്‍ എന്തുചെയ്യണമെന്ന അവസ്ഥയിലാണ് ഡാര്‍ജിലിങ് ജില്ലാ ഭരണകൂടം. മെഡിക്കല്‍ ഷോപ്പുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്.
അതേസമയം ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായി നടക്കുന്ന പ്രക്ഷോഭം ഡാര്‍ജിലിങ് മേഖലയെ അനിശ്ചിതത്വത്തിലാക്കിയതായി രാജ്യസഭാംഗവും എന്‍.സി.പി നേതാവുമായ മജീദ് മേമന്‍ ആരോപിച്ചു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പ്രക്ഷോഭകരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ രാജ്യസഭയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്ത ബന്ദിനെതുടര്‍ന്ന് അവശ്യസാധനങ്ങള്‍ പ്രത്യേകിച്ച് വെള്ളവും ഭക്ഷണവും ഇല്ലാത്ത അവസ്ഥയാണ്. പ്രക്ഷോഭകരുടെ ആവശ്യം ന്യായമോ അന്യായമോ എന്ന കാര്യത്തില്‍ തര്‍ക്കിക്കാതെ പ്രശ്‌നത്തില്‍ ഇടപെടാന്‍ കേന്ദ്രം തയാറാകണം.
ബംഗാള്‍ സര്‍ക്കാരുമായി നല്ല ബന്ധത്തിലല്ലാത്ത സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഇടപെടാതെ കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞു നില്‍ക്കുന്നത് അനീതിയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."