കുടുംബ ബജറ്റ്
വരവറിയാതെ ചെലവഴിക്കുമ്പോഴാണ് കുടുംബബജറ്റ് താളം തെറ്റുന്നത്. ഇതുണ്ടണ്ടാക്കുന്ന പ്രശ്‌നങ്ങളേറെയാണ്. പ്രതിസന്ധികള്‍ അതിലേറെയും. സാമ്പത്തിക വരുമാനം വ്യക്തമായി മനസിലാക്കി ചെലവഴിച്ചാല്‍ മാത്രമേ സുസ്ഥിരമായ ഒരു താളം നേടിയെടുക്കാന്‍ കഴിയുകയുള്ളൂ. മറിച്ചാണെങ്കില്‍ കടം കയറും. സന്തോഷം സന്താപത്തിന് വഴിമാറും. അടുക്കളയെ രക്ഷിക്കുന്നതിലൂടെ കുടുംബത്തെയും രക്ഷിക്കാം. അതിന് കരുതലോടെ നീങ്ങേണ്ടിയിരിക്കുന്നു.
വീട്ടിലെ വരവുചെലവുകള്‍ അളക്കാന്‍ ഒരു ഫാമിലി ബജറ്റ് സഹായിക്കും. കൃത്യമായ പ്ലാനിങ്ങിലൂടെ സാമ്പത്തിക ഭദ്രതയിലേക്കും നടന്നുതുടങ്ങാം. പണം എവിടെയൊക്കയാണ് ചെലവാകുന്നത്, കൂടുതല്‍ നല്ല രീതിയില്‍ എങ്ങനെ കൈകാര്യം ചെയ്യാം എന്നൊക്കെ ബജറ്റ് തയാറാക്കുന്നതിലൂടെ അറിയാന്‍ കഴിയും. ചെലവുകള്‍ കൂടുന്നതനുസരിച്ച് വരുമാനം കൂടാത്തത് എല്ലാവരുടെയും പ്രശ്‌നമാണ്. പണം ചെലവഴിക്കുമ്പോള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണം. അതിനുള്ള പണം ആദ്യമേ നീക്കിവയ്ക്കുന്നതാകും നല്ലത്.
പ്രതിസന്ധിക്കുള്ള കാരണം
വരവും ചെലവും തമ്മിലുള്ള അന്തരമാണ് പലപ്പോഴും സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കുന്നത്. വരവു കുറയുകയും ചെലവു കൂടുകയും ചെയ്താല്‍ എല്ലാം താളം തെറ്റും. വരവു ചെലവുകളെക്കുറിച്ച് കൃത്യമായ ധാരണയാണ് ആദ്യം വേണ്ടത്. വരുമാനം ഏതൊക്കെ വഴിയിലൂടെ ചെലവാകുന്നുവെന്ന് എഴുതി സൂക്ഷിക്കാം. ഒരു മാസം എന്തിനൊക്കെ പണം ചെലവാക്കുന്നു എന്ന് എഴുതി സൂക്ഷിച്ചാല്‍ പണം ഏതൊക്കെ വഴിയിലൂടെയാണ് ചെലവാകുന്നത് എന്നതിനെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കും. ഇങ്ങനെ ഒരു മാസം ശീലിച്ചാല്‍ വരവറിഞ്ഞ് ചെലവഴിക്കാനും നിശ്ചിത തുക സമ്പാദ്യമായി നീക്കിവയ്ക്കാനും സാധിക്കും.
ലിസ്റ്റ് തയാറാക്കാം
കൃത്യമായ ധാരണകളില്ലാതെ തോന്നിയതു വാങ്ങുകയാണ് സാധാരണ മലയാളി ചെയ്യുന്നത്. ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം വാങ്ങി പണം മുഴുവന്‍ തീര്‍ത്തിട്ടാണ് പലരും മടങ്ങിവരിക. ഇതൊഴിവാക്കാന്‍ എത്ര ദിവസത്തേക്കുള്ള സാധനങ്ങള്‍ വേണം, എന്തൊക്കെ വേണം എന്നൊരു ലിസ്റ്റ് തയാറാക്കി വാങ്ങണം. ഇത് ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ നിന്നു രക്ഷിക്കും. പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ സീസണലായിട്ടുള്ളവ വാങ്ങാന്‍ ശ്രദ്ധിക്കുക. കുറഞ്ഞ വിലയില്‍ ഇവ ലഭിക്കാന്‍ ഇതു സഹായിക്കും. പൊതുവിപണിയെ ആശ്രയിക്കുന്നതാകും നല്ലത്.
വാങ്ങുന്നതിലെ ലാഭം
കൃത്യമായ ശീലങ്ങള്‍ രക്ഷിതാക്കള്‍ക്കുണ്ടാകണം. അവരെ കണ്ടാണ് കുട്ടികള്‍ പഠിക്കുന്നത്. അവരുടെ പരാജയവും ദുര്‍ചെലവും കുട്ടികളും കണ്ടു പഠിക്കും. ഭാവിയില്‍ മികച്ച കുടുംബ നാഥന്‍മാരാകാനുള്ള പരിശീലന കളരിയാകണം ഓരോ കുടുംബങ്ങളും. അവിടെ മാതാപിതാക്കള്‍തന്നെയാവണം മാതൃകകള്‍. സ്ഥലസൗകര്യമുള്ളവരാണെങ്കില്‍ അത്യാവശ്യമുള്ള പച്ചക്കറികള്‍ വീട്ടില്‍ തന്നെ കൃഷി ചെയ്ത് കുട്ടികള്‍ക്ക് മാതൃകയാകണം. വിപണിയില്‍ നിന്ന് വാങ്ങുന്നവരാണെങ്കില്‍ ഒരു ദിവസത്തേക്ക് എന്നതു മാറ്റി ഒരാഴ്ചത്തേക്ക് ഒരുമിച്ച് വാങ്ങാം. മത്സ്യവും ഇറച്ചിയും സ്ഥിരമായി വാങ്ങുന്നവര്‍ അതിലൊരു മാറ്റം വരുത്തിയാല്‍ അമിത ചെലവുകള്‍ ഒഴിവാക്കാം.
യാത്രകളും സുതാര്യമാകട്ടെ
യാത്രകള്‍ക്കായി നല്ല പണം ചെലവാക്കുന്നവരുണ്ട്. ചെറിയ ദൂരത്തേക്ക് പോകുമ്പോഴും ഓട്ടോ പിടിക്കുക, കാര്‍ ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങള്‍ ഉണ്ടെങ്കില്‍ ഉപേക്ഷിക്കാം. നടന്നു പോകാവുന്ന ദൂരമാണെങ്കില്‍ നടന്നുതന്നെ പോകുക.
ഇത് പണലാഭം മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. പാഠ പുസ്തകങ്ങള്‍, കുട, വസ്ത്രം, ബാഗ് ഇവയൊക്കെ വൃത്തിയായി സൂക്ഷിക്കുക. കരുതലോടെ ഉപയോഗിക്കുക. ഇതും പാഴ്‌ച്ചെലവുകളെ ഇല്ലാതാക്കും. ആ ശീലം ജീവിതത്തിലുടനീളം തുടരാനും സാധിക്കും.
കുടുംബ ബജറ്റ്
വരുമാനവും ചെലവും കണക്കാക്കി നല്ലൊരു ബജറ്റ് ഉണ്ടാക്കിയാല്‍ തന്നെ സാമ്പത്തികപ്രശ്‌നങ്ങള്‍ പരിധിവരെ പരിഹരിക്കാം. ആഴ്ചയിലോ മാസത്തിലോ വര്‍ഷത്തിലോ ഒരു ബജറ്റ് വരുമാനം അനുസരിച്ച് തയാറാക്കാം. ചെറിയ ചെലവു പോലും ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. ആഹാരം, വസ്ത്രം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ കഴിഞ്ഞുള്ള ചെറിയ ചെലവുകള്‍ക്കു വേണ്ടി ഒരു വാരാന്ത്യബജറ്റ് തയാറാക്കാം.
ബജറ്റ് തയാറാക്കിയാല്‍ മാത്രം പോരാ. തയാറാക്കുന്നത് ക്യത്യസമയത്തേക്കാകണം. ഇടയ്ക്കിടെ ബജറ്റ് പുതുക്കാന്‍ മറക്കരുത്. പ്രത്യേകിച്ച് സാഹചര്യങ്ങള്‍ മാറുമ്പോള്‍. പുതിയ ചെലവുകളോ വരുമാനമോ ഉണ്ടാകുമ്പോള്‍ അതുകൂടി ഉള്‍പ്പെടുത്തി ബജറ്റ് പുതുക്കിയെടുക്കണം.
വരുമാനം, ചെലവുകള്‍
ചെലവുകളെ രണ്ടായി തരംതിരിക്കാം. ആവശ്യമുള്ളതെന്നും ഒഴിവാക്കാന്‍ പറ്റാത്തതെന്നും. ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ആശുപത്രി ചെലവുകള്‍ ഒഴിവാക്കാന്‍ പറ്റാത്തവയില്‍ വരുന്നു. ബജറ്റ് പ്ലാന്‍ ചെയ്യുമ്പോള്‍ ഇവ ആദ്യം ഉള്‍പ്പെടുത്തണം.
ആകെയുള്ള വരുമാനവും ചെലവും തമ്മിലുള്ള അന്തരം കൃത്യമായി കണ്ടെത്തണം. വരവ് കൂടുതലും ചെലവ് കുറവുമാണെങ്കില്‍ മിച്ചമുള്ള പണം സമ്പാദ്യമായി സൂക്ഷിക്കാം. ചെലവ് കൂടുതലാണെങ്കില്‍ ചെലവഴിക്കല്‍ ശീലം മാറ്റാന്‍ സമയമായിട്ടുണ്ട്. ബജറ്റൊന്ന് മാറ്റിപ്പണിയാനും സമയമായി എന്നര്‍ഥം. വരുമാനത്തിന്റെ കാര്യത്തിലും ശ്രദ്ധവേണം. മാസത്തില്‍ എത്ര വരുമാനം ഉണ്ടെന്നു കണ്ടെത്തി വേണം ചെലവു ക്രമീകരിക്കാന്‍.
ഇന്ധനച്ചെലവ്
ഇന്ധനവില ദിനംപ്രതി വര്‍ധിക്കുകയാണ്. എന്നാല്‍ ഇരുചക്ര വാഹനങ്ങളും കാറുകളും ഒഴിവാക്കാന്‍ കഴിയാത്തവിധം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. കുടുംബ ബജറ്റിനെ ബാധിക്കാത്ത തരത്തില്‍ ഇന്ധനവിലയെ നേരിടാന്‍ വാഹനം ഓടിക്കുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം. ഇതോടൊപ്പം വാഹനത്തിന്റെ മെയിന്റനന്‍സ് കുറയ്ക്കാനും സാധിക്കും.
വാഹനം ഉപയോഗിക്കുമ്പോള്‍
- വാഹനത്തിന്റെ ഓയില്‍ കൃത്യമായി മാറ്റുക. സാധാരണ ഓയിലുകള്‍ 5000 കിലോമീറ്ററിലെങ്കിലും മാറ്റണം.
- ടയറുകളിലെ പ്രഷര്‍ കൃത്യമായ അളവിലായിരിക്കണം. പ്രഷര്‍ കുറഞ്ഞാല്‍ ഘര്‍ഷണം കൂടും. മൈലേജ് കുറയും.
- മികച്ച നിലവാരത്തിലുള്ള ടയറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
- കൃത്യസമയത്ത് സര്‍വിസ് ചെയ്യണം. അംഗീകൃത സര്‍വിസ് സെന്ററുകളില്‍ മാത്രം സര്‍വിസ് ചെയ്യുക.
- ഡ്രൈവിങ്ങിലും ശ്രദ്ധിക്കണം. കാറുകള്‍ ഏറ്റവും ഉയര്‍ന്ന ഗിയറില്‍ 50-60 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കുക.
- 55 കിലോമീറ്ററാണ് ഏറ്റവും നല്ല വേഗം. അധികവേഗത്തില്‍ ഇന്ധനച്ചെലവ് കൂടും. ഇരുചക്രവാഹനങ്ങള്‍ 40-45
- കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കുന്നതാണ് നല്ലത്.
- കൃത്യമായ ഗിയറില്‍ വേണം വാഹനം ഓടിക്കാന്‍. ഇടയ്ക്കിടെയുള്ള ഗിയര്‍ ഷിഫ്റ്റിങ് ഇന്ധനച്ചെലവ് കൂട്ടും.
- ആവശ്യമുള്ളപ്പോള്‍ മാത്രം ക്ലച്ചിലും ബ്രേക്കിലും കാലമര്‍ത്തുക. സഡന്‍ ബ്രേക്കിടുന്നതിലും നല്ലത് ഗിയര്‍
- ഡൗണാക്കി വേഗം കുറക്കുന്നതാണ്.
- ചോക്ക് വലിച്ചുവച്ച് ഓടിക്കരുത്. ഒരു മിനുറ്റിലുമധികം നേരം നിര്‍ത്തിയിടുമ്പോള്‍
എന്‍ജിന്‍ ഓഫാക്കണം. - വീലുകളുടെ അലൈന്‍മെന്റ് കൃത്യമായിരിക്കണം. സര്‍വിസിങ്ങിനിടെ ടയര്‍
റൊട്ടേഷന്‍ നടത്തുകയും വേണം. - അധികഭാരം കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്നതിനു കാരണമാകും.
- പൊതുവാഹനങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."