മന്ത്രിയാകുന്നത് എന്തിനുവേണ്ടി
#അന്‍സാര്‍ മുഹമ്മദ്
മന്ത്രിയാകുന്നത് എന്തിന്? നാടു ഭരിക്കാനോ അതോ ബന്ധുക്കള്‍ക്ക് ജോലി നല്‍കാനോ?. ഇതിനുത്തരം ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് തന്നെ വെളിപ്പെടുത്തി. മന്ത്രിമാരാകുന്നത് വകുപ്പുകളില്‍ സ്വന്തം ബന്ധുക്കളെ നിയമിക്കാനാണെന്നാണ് കണ്ടെത്തല്‍. ബന്ധുക്കള്‍ക്ക് ജോലി നല്‍കിയിട്ടുമതി ഭരണം തുടങ്ങല്‍. പിണറായി സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കാനും മന്ത്രിമാരാക്കാനും പാടുപെട്ട ഡി.വൈ.എഫ്.ഐക്കാര്‍ക്ക് ജോലി നല്‍കാത്തതിലും രമേശ് ചെന്നിത്തലയ്ക്കു സങ്കടമുണ്ട്. ഡി.വൈ.എഫ്.ഐക്കാരെക്കാളും താല്‍പര്യം ഇപ്പോള്‍ ബന്ധുക്കളോടാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിലാപം. ഇന്നലെ ശബരിമല വിട്ട് വിഷയം ജലീലിന്റെ രാജിയാവശ്യത്തിലേക്കായിരുന്നു പ്രതിപക്ഷത്തിന്റെ പോക്ക്. മൂന്ന് അംഗങ്ങള്‍ സഭാ കവാടത്തില്‍ ശബരിമലയ്ക്കായി സത്യാഗ്രഹം നടത്തുന്നതൊന്നും വലിയ കാര്യമില്ല. അത് അവിടെ നടന്നോട്ടെ.
സഭാ കവാടത്തില്‍ സത്യാഗ്രഹം നടത്തുന്ന എം.എല്‍.എമാരുടെ സമരം തുടരുമെന്നും എന്നാല്‍ സഭ സുഗമമായി നടത്തി കൊണ്ടുപോകാന്‍ പ്രതിപക്ഷം സഹകരിക്കുമെന്നും രാവിലെ സഭ തുടങ്ങിയപ്പോള്‍ തന്നെ സ്പീക്കറെ അറിയിച്ചു.
തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തര വേളയിലേയ്ക്കു കടന്നു. പിന്നാലെ മന്ത്രി കെ.ടി ജലീലിന്റെ ഊഴം എത്തിയപ്പോള്‍ മുദ്രാവാക്യം വിളിയോടെ ജലീലിനെ വരവേറ്റു. ബാനര്‍ ഉയര്‍ത്തി ജലീല്‍ രാജി വയ്ക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടിരുന്നു. 'അറിഞ്ഞില്ലേ ഡി.വൈ.എഫ്.ഐ നേതാവേ ജോലി കൊടുത്തത് സ്വന്തക്കാര്‍ക്ക് അല്ലാതെ യുവാവിനല്ല, എവിടെ പോയി ഡി.വൈ.എഫ്.ഐ' എന്ന് ആര്‍ത്തു വിളിച്ചു. ഇവിടെ മുദ്രാവാക്യം വിളിച്ച് തടസപ്പെടുത്തുന്നത് സംഘ്പരിവാറിന്റെ പ്രതിനിധികളാണ്. അവര്‍ സംഘ്പരിവാറിന്റെ നല്ല കുട്ടികളായി മാറട്ടെ എന്ന് സ്വരാജ് മറുപടി നല്‍കി. പിന്നാലെ മന്ത്രി മറുപടി നല്‍കാന്‍ എണീറ്റപ്പോള്‍ കൊച്ചാപ്പ എന്ന വിളിയോടെ പ്രതിപക്ഷ അംഗങ്ങള്‍ ജലീലിന്റെ മറുപടി തടസപ്പെടുത്തി.
ശൂന്യവേളയില്‍ കെ. മുളീധരന്‍ കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രശ്‌നത്തിലാണ് അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദീബിന്റെ നിയമനത്തില്‍ ക്രമവിരുദ്ധമായോ ചട്ടവിരുദ്ധമായോ ഒന്നും ഉള്‍പ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജനറല്‍ മാനേജര്‍ തസ്തികയിലും മാനേജിങ് ഡയരക്ടര്‍ തസ്തികയിലും ഈ സ്ഥാപനത്തിലെ നിയമനം നടത്തിയത് അപേക്ഷ ക്ഷണിക്കാതെ സര്‍ക്കാര്‍ നേരിട്ടാണ്. മുന്‍ മന്ത്രി മാനേജിങ് ഡയരക്ടര്‍ തസ്തികയിലേക്ക് അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ ഹനീഫ പെരിഞ്ചീരിയെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് അദ്ദേഹം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടായിരുന്നു. മന്ത്രി ഇക്കാര്യത്തില്‍ യാതൊരുവിധ നിയമലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്നും അതിനാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് അദീബിനെ നിയമിച്ചതെന്ന വാദവുമായി നോട്ടിസ് നല്‍കിയ കെ.മുരളീധരന്‍ എണീറ്റു. സ്വന്തം പിതൃ സഹോദരന്റെ പുത്രന്‍ എങ്ങനെ ബന്ധുവല്ലാതാകും. ഇത്രയും നഗ്നമായ ലംഘനം നടത്തിയിട്ട് ജലീലിനെ വെള്ള പൂശുകയാണ് മുഖ്യമന്ത്രി. അടിയന്തര പ്രമേയം കൊണ്ടു വന്നാലും ജലീല്‍ രാജിവയ്്ക്കില്ലെന്ന് അറിയാം. കോടതി പരാമര്‍ശം വന്ന് രാജിവയ്്ക്കുന്നതിനേക്കാളും ഇപ്പോഴങ്ങ് രാജി വച്ചു കൂടെ എന്ന് മുരളി.
അടിയന്തര പ്രമേയം വന്നതിലല്ല ജലീലിന് വിഷമം, കെട്ടിച്ചമച്ച ചാരക്കഥയിലൂടെ ഒന്നുമില്ലാതാക്കിയ കെ.കരുണാകരന്റെ മകന്‍ തന്നെ കെട്ടിച്ചമച്ച ആരോപണം എന്തുകൊണ്ട് എടുത്തതെന്നതിലായിരുന്നു. പത്തു വര്‍ഷം എം.എല്‍.എ ആയിട്ടും രണ്ടര വര്‍ഷം മന്ത്രിയായിട്ടും തന്റെ കൈകള്‍ ശുദ്ധമാണെന്നുമായിരുന്നു ജലീലിന്റെ സഭയിലെ വിലാപം.
തനിക്ക് തെറ്റു പറ്റിയെന്നു തെളിയിച്ചാല്‍, തന്റെ പൊതു പ്രവര്‍ത്തനം നിര്‍ത്തുമെന്നും ജലീല്‍ പ്രഖ്യാപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാല്‍ കോണ്‍ഗ്രസ് വാക്കൗട്ട് നടത്തുന്നുവെന്നും പ്രഖ്യാപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങി പോയി. പിന്നാലെ വാക്കൗട്ട് പ്രസംഗവുമായി ഉപനേതാവ് എം.കെ മുനീര്‍ എണീറ്റു. ജലീലിനെ മുനീര്‍ കടന്നാക്രമിച്ചത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."