വിറങ്ങലിച്ച് മുഴപ്പിലങ്ങാട്
തലശ്ശേരി: മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിലേക്ക് കണ്ടെയ്‌നല്‍ ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. സംഭവം നടന്നയുടനെ മുഴപ്പിലങ്ങാട് നിന്നും ധര്‍മ്മടത്തു നിന്നും ജനങ്ങള്‍ പ്രദേശത്തേക്ക് ഒഴുകിയെത്തി. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ തന്നെ മുന്‍കൈയെടുത്തു. ആരൊക്കെയാണ് ബൂത്തിനകത്ത് കുരുങ്ങിക്കിടക്കുന്നതെന്നറിയാതെ ആശങ്കയിലായിരുന്നു നാട്ടുകാര്‍. ബൂത്തിനകത്ത് കുടുങ്ങിക്കിടന്ന മാനേജര്‍ സൂരജിനെ പുറത്തെത്തിക്കാന്‍ പൊലിസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ടു. ക്രെയിനിന്റെ സഹായത്തോടെ ടോള്‍ ബൂത്തിന്റെ ബീമുകള്‍ പൊക്കി മാറ്റിയാണ് സൂരജിനെ രക്ഷപ്പെടുത്തിയത്. ഇയാളുടെ കാലുകള്‍ക്കും പുറത്തും ഗുരുതരമായി പരുക്കേറ്റു. ടോള്‍ ബൂത്തില്‍ ജോലി ചെയ്തിരുന്ന മൂന്ന് സ്ത്രീ ജീവനക്കാര്‍ക്കും പരുക്കേറ്റു. ജീവനക്കാരിയായ സംഗീതയുടെ ഇടതു കൈയുടെ എല്ല് തകര്‍ന്നു. ലതയുടെ പരുക്ക് സാരമുള്ളതാണ്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെയുള്ള മറ്റൊരു സ്ത്രീ ജീവനക്കാരിയെ കണ്ടെയ്‌നര്‍ ലോറിക്കടിയില്‍ നിന്ന് ജാക്കി ലിവര്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്. സഹദേവന്‍ ലോറി കയറിയിറങ്ങി സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു.
ടോള്‍ ബൂത്തിനു സമീപം നിര്‍മിച്ച വരമ്പില്‍ തട്ടിയാണ് അമിത വേഗതയില്‍ വന്ന ലോറി നിയന്ത്രം വിട്ടതെന്ന് പരിസരവാസികള്‍ പറഞ്ഞു. ടോള്‍ ബൂത്ത് അറിയാതെ ദേശീയപാതയില്‍ അമിത വേഗതയില്‍ കുതിക്കുകയായിരുന്നു ലോറി. പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ലോറിയുടെ കാബിന്‍ ഭാഗം തിരിഞ്ഞ് മറുദിശയിലേക്ക് പോകുകയായിരുന്നു. ഈസമയം മറുവശത്ത് ടോള്‍ നല്‍കാന്‍ ക്യൂവിലുണ്ടായിരുന്ന കാറിനു മുകളില്‍ ടോള്‍ കെട്ടിടം മറിഞ്ഞു വീണു. കാര്‍ പൂര്‍ണമായും തകര്‍ന്നെങ്കിലും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരു കാറും ലോറിയിടിച്ച് തകര്‍ന്നു. സംഭവ സ്ഥലത്ത് പരുക്കേറ്റവരുടെ കൂട്ടക്കരച്ചിലായിരുന്നതിനാല്‍ സംഭവത്തില്‍ ആര്‍ക്കൊക്കെ ഏതൊക്കെ രീതിയിലാണ് പരുക്കേറ്റതെന്ന് മനസിലാക്കാന്‍ സാധിച്ചില്ല. രക്ഷപ്പെടുത്തിയ ഓരോരുത്തരെയും കൊണ്ട് നാട്ടുകാര്‍ കിട്ടിയ വാഹനങ്ങളില്‍ ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. അപകടം നടന്നത് ഉച്ചയ്ക്കായതിനാല്‍ ബൂത്തില്‍ തിരക്കു കുറവായിരുന്നു.
അപകടത്തെതുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്കു പോകേണ്ട ബസുകളും മറ്റ് വാഹനങ്ങളും ചാല -മമ്പറം വഴി കൊടുവള്ളിയിലേക്ക് തിരിച്ചു വിടുകയായിരുന്നു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്കുള്ള വാഹനങ്ങള്‍ കൊടുവള്ളി വഴിയും മേലൂര്‍ മമ്മാക്കുന്ന് പാലം വഴിയും തിരിച്ചു വിട്ടു. കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തലശ്ശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സം എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."