രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനിക്കും മുരുകനും വേണം ദയാവധം: മോചനം സ്വപ്‌നം കണ്ട് കടന്നുപോയത് 26 വര്‍ഷം, ഇനി വേണ്ടത് മരിക്കാനുള്ള അനുമതി മാത്രം
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനിയും ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകനും ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയില്‍ ഹരജി നല്‍കിയതായി റിപ്പോര്‍ട്ട്. കഠിനമായ മാനസിക സംഘര്‍ഷമാണ് നളിനിയെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചതെന്ന് അവരുടെ അഭിഭാഷകന്‍ പുകഴേന്തി വ്യക്തമാക്കുന്നു.
1991 ഏപ്രില്‍ 21നാണ് ശ്രീഹരന്‍ എന്ന മുരുകന്‍ നളിനിയെ വിവാഹം കഴിക്കുന്നത്. 1991 മെയ് 21ന് ഇരുവരും രാജീവ് ഗാന്ധി വധക്കേസില്‍ മറ്റു പ്രതികള്‍ക്കൊപ്പം അറസ്റ്റിലായി. അറസ്റ്റിലാകുമ്പോള്‍ രണ്ടു മാസം ഗര്‍ഭിണിയായിരുന്നു. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലെ വനിതാ ബ്ലോക്കിലായിരുന്നു നളിനി. രാജീവ് വധക്കേസിലെ സാക്ഷിയായ നളിനി അഞ്ചു ദിവസം കസ്റ്റഡിയില്‍ ക്രൂരപീഡനത്തിനാണ് ഇരയായത്.
ക്രൂരമായ മര്‍ദനത്തിനാണ് ചോദ്യം ചെയ്യലിനിടെ അവര്‍ ഇരയായത്. നളിനിയുടെ ആത്മകഥയില്‍ കസ്റ്റഡിയില്‍ അനുഭവിച്ച പീഡനപര്‍വങ്ങളെ അക്കമിട്ടു നിരത്തുന്നുണ്ട്. അടയാറിലെ ആശുപത്രിയില്‍ കൊണ്ടുപോയി ഗര്‍ഭം അലസിപ്പിക്കാന്‍ പൊലിസ് ശ്രമിച്ചു. വനിതാ ഡോക്ടറാണ് ആ 'വധശിക്ഷ' തടഞ്ഞത്. ആ ഡോക്ടര്‍ തനിക്കു ദൈവതുല്യയാണെന്ന് നളിനി ആത്മകഥയില്‍ പറയുന്നു. അങ്ങനെ ജനിച്ച ആ കുഞ്ഞിന് ജനിക്കും മുന്‍പേ അതിജീവിക്കേണ്ടി വന്നത് പരീക്ഷണങ്ങളുടെ കനല്‍പാതകളെയായിരുന്നു.
ഈയിടെ ജയില്‍ അധികൃതര്‍ മുഖേന നളിനി പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചിരുന്നു. ദയാവധം തേടിയായിരുന്നു കത്ത്. തങ്ങളെ വിട്ടയക്കപ്പെടുമെന്ന് 26 വര്‍ഷം പ്രതീക്ഷിച്ചു. എന്നാല്‍ ആ പ്രതീക്ഷക്ക് ഇപ്പോള്‍ മങ്ങലേറ്റതാണ് ദയാവധത്തിന് ഹരജി നല്‍കിയതിന് കാരണമെന്ന് പുകഴേന്തി വ്യക്തമാക്കി.
50 ദിവസമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ നളിനി കഴിഞ്ഞത്. കസ്റ്റഡി പീഡനത്തിന് പേരുകേട്ട മലയാളി പൊലിസുകാരന്‍ അവരുടെ നെഞ്ച് ഇടിച്ചുതകര്‍ത്തു. പൊലിസുകാരുടെ കൂട്ടമാനഭംഗത്തിനും ഇരയായി. അഞ്ചടി നീളവും വീതിയുമുള്ള മുറിയില്‍ ആഴ്ചകളോളം ചങ്ങലക്കിട്ടു. മൂന്നാംമുറയ്ക്കും വിധേയയാക്കി. അതിനെയെല്ലാം അതിജീവിച്ചാണ് നളിനിയുടെ ഉദരത്തില്‍ ഒരു പോറലുമേല്‍ക്കാതെ ആ കുഞ്ഞ് വളര്‍ന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് അമരേശ്വര്‍ പ്രതാപ് സഹിക്കും നവംബര്‍ 27നാണ് നളിനി കത്തയച്ചതെന്നും ഇതിലാണ് ദയാവധം ആവശ്യപ്പെട്ടിരിക്കുന്നതെന്നും 'ഇന്ത്യ ടുഡേ' റിപ്പോര്‍ട്ട് ചെയ്തു.
മുരുകനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ മുരുകനെ ഏകാന്ത തടവിലിട്ടിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് 10 ദിവസത്തോളമായി നളിനിയും മുരുകനും ജയിലില്‍ നിരാഹാരം കിടക്കുകയാണ്. നളിനി നിലവില്‍ വെല്ലൂരിലെ വനിതകള്‍ക്കുള്ള പ്രത്യേക ജയിലിലാണ്.
രാജീവ്ഗാന്ധി വധക്കേസിലെ കുറ്റവാളികളായ എ.ജി പേരറിവാളന്‍, വി. ശ്രീഹരന്‍ എന്ന മുരുകന്‍, ടി. സുദേന്ദ്രരാജ എന്ന ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, മുരുകന്റെ ഭാര്യ നളിനി ശ്രീഹരന്‍ എന്നിവരെ ഭണഘടനയിലെ ആര്‍ട്ടിക്കിള്‍ 161 പ്രകാരം വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ തീരുമാനം ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."