പ്രവാസി വോട്ടുകള്‍ കൂട്ടത്തോടെ തള്ളാന്‍ നീക്കമെന്ന് ആരോപണം
നാദാപുരം: നിര്‍ദിഷ്ട വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി സമര്‍പ്പിച്ച പ്രവാസി വോട്ടര്‍മാരുടെ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളാന്‍ നീക്കം നടക്കുന്നതായി പരാതി. ഇലക്ഷന് വിഭാഗത്തിലെ ചില ഇടതു അനുകൂല സംഘടനകളാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.
2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുമുന്നോടിയായി 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തി അന്തിമ വോട്ടര്‍പട്ടിക തയാറാക്കുന്നതു പുരോഗമിക്കുകയാണ്. ഇതോടൊപ്പം കോടതി നിര്‍ദേശപ്രകാരം പുതുതായി പ്രവാസി വോട്ടര്‍മാരെയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. ഇതിനായി പ്രത്യേക അപേക്ഷയാണു പ്രവാസികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളില്‍നിന്നു മാത്രം പന്ത്രണ്ടായിരത്തിലധികം അപേക്ഷകള്‍ സമര്പ്പിച്ചിട്ടുണ്ടെന്നാണു വിവരം. ഇവയുടെ ബാക്ക് ഫയലുകള്‍ വോട്ടര്‍മാര്‍ താമസിക്കുന്ന ബൂത്തിലെ ബി.എല്‍.ഒമാര്‍ക്ക് താലൂക്ക് ഇലക്ഷന് വിഭാഗത്തില്‍നിന്ന് അയച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമാണ് അന്തിമപട്ടികയില്‍ പേരു വരിക.
എന്നാല്‍ ഇലക്ഷന് വിഭാഗത്തില്‍നിന്ന് ഇതുവരെ ഇത്തരം റിപ്പോര്‍ട്ട് താഴേക്ക് അയച്ചുതുടങ്ങിയിട്ടില്ല. സര്‍വര്‍ തകരാറുകാരണം പ്രിന്റ് കിട്ടുന്നില്ലെന്നാണ് ഇതിന് അധികൃതര്‍ നല്കുന്ന വിശദീകരണം.
നിലവില്‍ പ്രവാസികളെ പട്ടികയില്‍നിന്നു പൂര്‍ണമായും നീക്കം ചെയ്യാന്‍ വീടുകളില്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.
ഇവരുടെ പേരുകള്‍ നീക്കം ചെയ്യപ്പെടുകയും പുതുതായി പ്രവാസി വോട്ടര്‍മാരായി ഉള്‍പ്പെടാതിരിക്കുകയും ചെയ്താല്‍ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ വന്തിരിച്ചടിയായേക്കും. ഇതു മുന്നില്‍ക്കണ്ടുകൊണ്ടുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നു.
പ്രവാസി വോട്ടിന് അപേക്ഷിച്ച മുഴുവന്‍ ആളുകളെയും പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സംവിധാനമൊരുക്കണമെന്ന് യു.ഡി.എഫ് മണ്ഡലം ചെയര്മാന് അഹ്മദ് പുന്നക്കല്‍, മണ്ഡലം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."