വൈറ്റ് ഹൗസില്‍ വീണ്ടും ട്രംപിന്റെ അഴിച്ചു പണി; കമ്യൂണിക്കേഷന്‍സ് തലവനെ പുറത്താക്കി
വാഷിംങ്ടണ്‍: വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം തലവന്‍ ആന്റണി സ്കാരമൂച്ചിയെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. കമ്യൂണിക്കേഷന്‍സ് തലവനായി സ്ഥാനമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് മൂച്ചിയെ പുറത്താക്കിയിരിക്കുന്നത്. പുതിയ ചീഫ് ഓഫ് സ്റ്റാഫ് ആയി ജോണ്‍ കെല്ലി ചുമതലയേറ്റു.
വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം. ഒരു മാഗസിനു നല്കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം.
ന്യൂയോര്‍ക്കിലെ ഫിനാന്‍ഷ്യറും ദീര്‍ഘകാലമായി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുന്ന വ്യക്തിയുമാണ് സ്കാരമോച്ചി. എന്നാല്‍ പ്രസിഡന്റ് മാത്രമാണ് തന്റെ ചീഫ് എന്ന നിലപാടാണ് സ്കാരമോച്ചി സ്വീകരിച്ചിരുന്നത്. ഇത് ജീവനക്കാര്‍ക്കിടയില്‍ എതിര്‍പ്പുണ്ടാക്കിയിരുന്നു. ഇതോടൊപ്പം അഭിമുഖത്തില്‍ മോശം പരാമര്‍ശങ്ങളും വന്നതോടെ മോച്ചിക്ക് പുറത്തേക്ക് വഴി തെളിയുകയായിരുന്നു.
നേരത്തെ, ആന്റണി സ്കാരാമോച്ചിയെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസ് വക്താവും യു.എസ് പ്രസ് സെക്രട്ടറിയുമായിരുന്ന സീന്‍ സ്പൈസര്‍ രാജി വെച്ചിരുന്നു. സ്കാരമോച്ചിയുടെ നിയമനം വന്‍ അബദ്ധമാണെന്നായിരുന്നു സ്പൈസറുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."