ദയാവധം അനുവദിക്കണം; ഹരജിയുമായി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍
ചെന്നൈ: ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. 26 വര്‍ഷത്തോളമായി തടവുശക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരനും ഭര്‍ത്താവ് മുരുകനുമാണ് ദയാവധത്തിന് അനുമതി തേടി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമരേശ്വര്‍ പ്രതാപ് സാഹിക്ക് ഇക്കഴിഞ്ഞ 27ന് കത്തയച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നളിനി കത്തയച്ചിട്ടുണ്ട്.
കടുത്ത മാനസികസമ്മര്‍ദത്തെ തുടര്‍ന്നാണ് ഇരുവരും ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് നളിനിയുടെ അഭിഭാഷകന്‍ പുകഴേന്തി പറഞ്ഞു. ജയില്‍ ഉദ്യോഗസ്ഥര്‍ വഴിയാണ് നളിനി പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് കത്തയച്ചത്.
26 വര്‍ഷമായി ജയില്‍ മോചിതരാകുമെന്ന പ്രതീക്ഷയില്‍ കഴിയുകയായിരുന്നു. ഇപ്പോള്‍ ആ പ്രതീക്ഷ നഷ്ടപ്പെട്ടു. ഇരുവരും വെല്ലൂര്‍ ജയിലിലാണ് കഴിയുന്നത്.
മുരുകനോട് ജയില്‍ അധികൃതര്‍ മോശമായി പെരുമാറുന്നതിലും ഏകാന്ത തടവിലാക്കിയതിലും പ്രതിഷേധിച്ച് തങ്ങള്‍ 10 ദിവസമായി നിരാഹാരത്തിലാണെന്നും നളിനി പറയുന്നു.
മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് മുരുകനെ ഏകാന്ത തടവിലേക്ക് മാറ്റിയത്. മുരുകനും നളിനിയും ഉള്‍പ്പടെ കേസിലെ ഏഴ് പ്രതികളേയും വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇത് ഗവര്‍ണറുടെ പരിഗണനയക്ക് വിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."