രാഷ്ട്രീയ സംഘര്‍ഷം: കേന്ദ്രത്തിന് കേരളം റിപ്പോര്‍ട്ട് നല്‍കിയില്ല
ന്യൂഡല്‍ഹി: കേരളത്തില്‍ അടുത്തിടെ സംഭവിച്ച രാഷ്ട്രീയ സംഘര്‍ഷങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ നല്‍കിയില്ലെന്ന് കേന്ദ്രം. ലോക്‌സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജൂലൈ 17നും 24നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഭവിച്ച രാഷ്ട്രീയ സംഘര്‍ഷങ്ങളെ കുറിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയത്. സംഘര്‍ഷങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികളും സംഘര്‍ഷങ്ങളുണ്ടാവാന്‍ കാരണമായ സാഹചര്യങ്ങളും വിശദീകരിച്ചുള്ള റിപ്പോര്‍ട്ടാണ് കേന്ദ്രം ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങള്‍ സംഭവിച്ച രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പേരില്‍ സമാധാനന്തരീക്ഷം പുന:സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്നിവരെ ഗവര്‍ണര്‍ പി.സദാശിവം രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദാംശങ്ങള്‍ തേടിയിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും സംഘര്‍ഷത്തിന്റെ പേരില്‍ ഗവര്‍ണര്‍ വിളിച്ചുവരുത്തുന്നത്. ഗവര്‍ണറുടെ ഇടപെടലോടെ സംഭവത്തിന് ദേശീയശ്രദ്ധയും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."