അന്തര്‍സംസ്ഥാന വാഹനമോഷ്ടാവ് തളിപ്പറമ്പില്‍ പിടിയില്‍
തളിപ്പറമ്പ്: ചിറവക്കില്‍ വാഹന പരിശോധനയ്ക്കിടെ അന്തര്‍സംസ്ഥാന വാഹനമോഷ്ടാവ് തളിപ്പറമ്പ് പൊലിസിന്റെ പിടിയിലായി. കാഞ്ഞങ്ങാട് ബേക്കല്‍ ചെര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദ്ഷ(19)യെയാണ് തിങ്കളാഴ്ച വൈകുന്നേരം തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ ബിനുമോഹനും സംഘവും പിടികൂടിയത്.
ശനിയാഴ്ച കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ില്‍ നിന്നു മോഷ്ടിച്ച കെ.എല്‍ 59 എന്‍ 148 പള്‍സര്‍ ബൈക്കാണ് പിടിയിലാകുമ്പോള്‍ ബാദ്ഷയുടെ പക്കലുണ്ടായിരുന്നത്. മംഗളൂരു സിറ്റി സെന്റര്‍, മഹാലിംഗേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ഇയാള്‍ മോഷ്ടിച്ച ബൈക്കുകള്‍ കാഞ്ഞങ്ങാട്ടെ വീട്ടു പരിസരത്തും സ്വകാര്യ ആശുപത്രി പരിസരത്തുമായി കണ്ടെടുത്തു. 1.80 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഢംബര ബൈക്കുകളാണ് ഇവ. വില കൂടിയ ബൈക്കുകള്‍ മാത്രമേ ബാദ്ഷ മോഷ്ടിക്കാറുള്ളൂവെന്ന് പൊലിസ് പറഞ്ഞു.
ഇത്തരത്തിലുള്ള ബൈക്കുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ എളുപ്പത്തില്‍ തകര്‍ക്കാനാകുമെന്നതാണ് ഇതിനു പ്രേരിപ്പിച്ചതെന്നും ആഢംബര ബൈക്കുകള്‍ക്ക് നല്ല ഡിമാന്റാണെന്നും ബാദ്ഷ പൊലിസിനോട് പറഞ്ഞു.
ബേക്കല്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ ബാദ്ഷക്കെതിരേ നാല് കേസുകള്‍ നിലവിലുണ്ട്. മോഷ്ടിക്കുന്ന ബൈക്കുകള്‍ കുറച്ചുനാള്‍ ഉപയോഗിച്ച ശേഷം കര്‍ണാടകയില്‍ കൊണ്ടുപോയി 20,000 രൂപയ്ക്കും മറ്റുമാണ് വിറ്റഴിച്ചിരുന്നതെന്ന് പ്രതി പൊലിസിനോട് പറഞ്ഞു. കൂട്ടുപ്രതിയായ ബേക്കലിലെ ഇജാസിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്മാത്രം മംഗളൂരു ഭാഗത്തു നിന്നു പതിനഞ്ചോളം ബൈക്കുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് ബാദ്ഷ മൊഴിനല്‍കി.
മണല്‍കടത്തു കേസുകളില്‍ പ്രതിയായ ബാദ്ഷയുടെ പേരില്‍ രണ്ടാഴ്ച മുമ്പ് ബേക്കലിലെ ഒരു പള്ളിയുടെ ഓഫിസ് കുത്തിത്തുറന്ന് 5000 രൂപ മോഷ്ടിച്ചതിനും ബേക്കല്‍ പൊലിസ് സ്റ്റേഷനില്‍ കേസുണ്ട്. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രവര്‍ത്തന മേഖല കണ്ണൂരിലേക്ക് മാറ്റിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."