ശിശുസൗഹൃദ മോടിയില്‍ അമ്പിലേരി അങ്കണവാടി
കല്‍പ്പറ്റ: ശിശുസൗഹൃദ മോടിയില്‍ കല്‍പ്പറ്റ നഗരസഭയിലെ അമ്പിലേരി അങ്കണവാടി.
ജില്ലയില്‍തന്നെ മാതൃകയായി മാറുന്നതിന്റെ തുടക്കമായി അങ്കണവാടിയുടെ കെട്ടിടവും പരിസരവും വര്‍ണചിത്രങ്ങള്‍കൊണ്ട് ഭംഗിയാക്കുകയും കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങള്‍, വാട്ടര്‍ പ്യൂരിഫയര്‍ എന്നിവ വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടെ തയാറാക്കുകയും ചെയ്തു. ഇതിനകം തന്നെ നഗരസഭാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കുള്ള മനോഹരമായ ഇരിപ്പിടങ്ങളും ഒരുക്കി. മറ്റ് അങ്കണവാടികളെ അപേക്ഷിച്ച് ഈ കേന്ദ്രത്തില്‍ കുട്ടികളുടെ എണ്ണവും കൂടുതലാണ്. 28 കുട്ടികളാണ് ഈ അങ്കണവാടിയില്‍ എത്തുന്നത്. കുട്ടികള്‍ക്ക് യൂണിഫോം, ഐഡികാര്‍ഡ് എന്നിവയും ഉണ്ട്. പ്രാദേശിക പിന്തുണയും അങ്കണവാടി വര്‍ക്കറായ കെ.വി പ്രവിത ഹെല്‍പ്പറായ എം. ജയശ്രീ എന്നിവരുടെ സമര്‍പ്പണമനോഭാവവും ഈ അങ്കണവാടിയുടെ വിജയത്തിന് കാരണമായിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളപ്പൊക്ക കെടുതി അനുഭവിച്ച അങ്കണവാടികളില്‍ ഒന്നാണിത്.
ഈ സാഹചര്യത്തില്‍ മൈസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൂറല്‍ ലിറ്ററസി ആന്‍ഡ് ഹെല്‍ത്ത് പ്രോഗ്രാം (ആര്‍.എല്‍.എച്ച്.പി) ഭാരവാഹികള്‍ ഈ അങ്കണവാടി സന്ദര്‍ശിക്കുകയും സൗഹൃദ അങ്കണവാടിയായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുടക്കമിടുകയും ചെയ്തു. കലാകാരന്‍മാര്‍ രാത്രിയും പകലുമായി അങ്കണവാടിയും ചുറ്റുപാടും ചിത്രങ്ങള്‍ വരക്കുകയും കുട്ടികള്‍ക്ക് ആവശ്യമായ കളിക്കോപ്പുകള്‍ എത്തിച്ചു നല്‍കുകയും ചെയ്തു. കൂടാതെ ചൈല്‍ഡ്‌ലൈന്‍, ജ്വാല, സീഡ്‌സ്, മുണ്ടേരി സൃഷ്ടിയും വിവിധ സാധനസാമഗ്രികള്‍ സംഭാവനയായി നല്‍കി. കലക്ടര്‍ എ.ആര്‍ അജയകുമാര്‍ ശിശു സൗഹൃദ അങ്കണവാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് അധ്യക്ഷയായിരുന്നു. വൈസ് ചെയര്‍മാന്‍ ആര്‍. രാധാകൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഉമൈബമൊയ്തീന്‍കുട്ടി ടി. മണി കൗണ്‍സിലര്‍, വി.എം റഷീദ്, വി.എം ഹാരിസ്, ആര്‍.എല്‍.എച്ച്.പി ഡയറക്ടര്‍ സരസ്വതി, ഫൗണ്ടര്‍ ജോയി മാളിയേക്കല്‍, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ടി. പവിത്രന്‍, സി.ഡി.പി.ഒ എം.എന്‍ സുധ, സൂപ്പര്‍വൈസര്‍ എം.സി ബാവ, എം. കൃഷ്ണന്‍കുട്ടി, അങ്കണവാടി വര്‍ക്കര്‍ കെ.വി പ്രവിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."