ഹൈമാസ്റ്റ് ലൈറ്റുകള്‍ കണ്ണടക്കുന്നു: മാള ഇരുട്ടില്‍
മാള: മോഷണവും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും മാളയില്‍ തുടര്‍ക്കഥയാകുമ്പോഴും കേടുവന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉറക്കത്തില്‍ തന്നെയാണ്. ഇവ നന്നാക്കാനോ വെളിച്ചക്കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളില്ലാത്തതിനെതിരെ പ്രതിഷേധം ഉയരുന്നു. മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ തകരാറിലായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താന്‍ നടപടിയുണ്ടായിട്ടില്ല. നിരവധി തവണ പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത് .കൂടാതെ കിഴക്കേ അങ്ങാടി റോഡ് പോസ്റ്റോഫീസ് റോഡ്, കെ.കെ റോഡ് എന്നീ പ്രധാന റോഡുകളിലെ വഴിവിളക്കുകള്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി . തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികളിലും രാഷ്ട്രീയ താല്‍പര്യങ്ങളുടെ കടന്ന് കയറ്റം രൂക്ഷമാണെന്ന് പഞ്ചായത്ത് അംഗങ്ങള്‍ തന്നെ നേരത്തെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വെളിച്ചക്കുറവിന് പരിഹാരം ഉണ്ടാക്കിയാല്‍ ഇരുട്ടിന്റ മറവിലെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം ഒരു പരിധി വരെ ഇല്ലാതാകുമെന്നാണ് പൊലിസ് പറയുന്നത്.
ഇതിന് സാഹചര്യമൊരുക്കാന്‍ പഞ്ചായത്ത് ശ്രദ്ധിക്കുന്നില്ല. ഹൈമാസ്റ്റ് ലൈറ്റുകള്‍ പലതും കത്താത്തതിനാല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സന്ധ്യ ആയാല്‍ വെളിച്ചമില്ലാത്ത സ്ഥിതിയാണ്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ സന്ധ്യക്ക് ശേഷം ഭീതിയോടെയാണ് ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്നത്. വെളിച്ചമില്ലെന്ന കാരണം പറഞ്ഞ് ചില ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാറില്ല. യു.ഡി.എഫ് ഭരണ സമിതി സ്ഥാപിച്ച ലൈറ്റുകള്‍ തങ്ങള്‍ നന്നാക്കില്ലെന്ന നിലപാടാണ് ഇടത് ഭരണ സമിതി സ്വീകരിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."