പിണറായിക്കെന്താ കൊമ്പുണ്ടോ?
പണ്ട് പ്ലാറ്റോ പറഞ്ഞു: 'ബുദ്ധിമാന്മാര്‍ രാഷ്ട്രീയം വിട്ടാല്‍ അവര്‍ വിഡ്ഢികളാല്‍ ഭരിക്കപ്പെടും.' കേന്ദ്ര-കേരള ഭരണകൂടങ്ങളുടെ പോക്കു കാണുമ്പോള്‍ ചിലരെങ്കിലുമോര്‍ക്കും ഈ മഹദ്വചനം.
പിണറായി വിജയനു തനതായ രാഷ്ട്രീയശൈലിയുണ്ട്. സത്യത്തില്‍ അതു രാഷ്ട്രീയക്കാരനു ചേരാത്ത ശൈലിയാണ്. പക്ഷേ, കേരളം പൊതുവിലും വടക്കന്‍ കേരളം പ്രത്യേകിച്ചും ഈ ശൈലി ഉള്‍ക്കൊണ്ടു. ധിക്കാരവും അഹങ്കാരവും പ്രകടമാക്കുന്ന ശരീരഭാഷ. അതു പിണറായിയിലൂടെ ജയരാജന്മാരിലൂടെ വടക്കന്‍ കേരളത്തിലെ സി.പി.എം നേതാക്കളുടെ അംഗീകൃത ശൈലിയായി. പിണറായി പാര്‍ട്ടി സെക്രട്ടറിയായിരിക്കുന്നതുവരെ വേണമെങ്കില്‍ അതു സഹിക്കാം.
ബുദ്ധിയുള്ളവരാരോ പണ്ടു പറഞ്ഞിട്ടുണ്ട്, നല്ലനേതാവ് അനുയായിയെപ്പോലെ വിനയാന്വിതനാകണം, നല്ല അനുയായി നേതാവിനെപ്പോലെ ഉത്തരവാദിത്വബോധമുള്ളവനാകണം എന്ന്. അത്രയൊന്നും വേണമെന്നു പറയുന്നില്ല, സി.പി.എം നേതാക്കളുടെ ശൈലി ഒരു പരിധിവരെ വകവച്ചുകൊടുക്കാം. മന്ത്രിമാരാകുമ്പോള്‍ അതു പറ്റില്ല. അവര്‍ കേരളത്തിന്റെ ഭരണകര്‍ത്താക്കളായി ഉയരണം.
വി.എസിനെ വീഴ്ത്തി പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍ സത്യം പറയട്ടെ, വലിയ പ്രതീക്ഷയുണ്ടായിരുന്നു. എല്ലാം ശരിയാക്കാനാകില്ലെങ്കിലും ഭരണം ഇത്തിരി നന്നാകുമെന്ന തോന്നലുണ്ടായിരുന്നു. തുടക്കത്തില്‍, ഭരണത്തിനു വലിയ പിന്തുണയും പൊതുസമൂഹത്തില്‍ നിന്നുണ്ടായി. എന്നിട്ടും, ഒരു വര്‍ഷംപോലും പിടിച്ചുനില്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനായില്ല. അദ്ദേഹം വെറും സഖാവ് പിണറായി വിജയനായി മാറുന്ന കാഴ്ച വേദനയോടെയാണ് കേരളം കണ്ടത്. അതനുദിനം വര്‍ധിച്ചുവരികയുമാണ്, അസഹ്യമായ വിധത്തില്‍.
ഇന്നലെ അദ്ദേഹം എന്തിനാണു തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരോടു തട്ടിക്കയറിയത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പോലും വാക്കുകള്‍ കിട്ടാതെ പരുങ്ങുകയായിരുന്നു.
കൊല്ലും കൊലയും കൊണ്ടു ക്രമസമാധാനം താറുമാറായി. തലസ്ഥാനം പോലും കണ്ണൂര്‍ പോലെയായി. ഈ അന്തരീക്ഷമൊന്നു മാറിക്കിട്ടാന്‍ നടത്തുന്ന സമാധാനചര്‍ച്ചയാണ് നടക്കാന്‍ പോകുന്നത്. ഈ ചര്‍ച്ച ചൂടോടെ സമൂഹത്തിന്റെ മുമ്പിലെത്തിക്കേണ്ട ബാധ്യത തീര്‍ച്ചയായും മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. കാരണം, കേരളം ആവേശത്തോടെ കാത്തിരിക്കുന്നതു സമാധാനം നിറഞ്ഞ അന്തരീക്ഷത്തിനാണ്. ഇതിനു മാധ്യമപ്രവര്‍ത്തകരെ ആരും കത്തയച്ചു ക്ഷണിച്ചുവരുത്തേണ്ട കാര്യമില്ല. അത് അവരുടെ ദൗത്യമാണ്.
അത്ര ചൂടോടെ ഇക്കാര്യം ജനങ്ങളുടെ മുമ്പില്‍ എത്തിക്കുന്നതില്‍ മുഖ്യമന്ത്രിക്കു വിയോജിപ്പുണ്ടെങ്കില്‍, ജനങ്ങള്‍ കാണാന്‍ പാടില്ലാത്തതും അറിയാന്‍ പാടില്ലാത്തതുമായ കാര്യങ്ങളാണ് ആ യോഗസ്ഥലത്തു നടക്കുന്നതെങ്കില്‍ മാന്യമായി പറയാമല്ലോ പത്രക്കാര്‍ മാറിനില്‍ക്കണമെന്ന്. ഉമ്മന്‍ചാണ്ടിയുടെ ശൈലിയിലോ, സി.അച്യുതമേനോന്റെ ശൈലിയിലോ വേണമെന്നില്ല, പിണറായിയുടെ നേതാവായ ഇ.കെ.നായനാരുടെ ശൈലിയിലെങ്കിലും അതു പറയാമായിരുന്നില്ലേ.
'കടക്കുപുറത്ത് ' എന്നു പറയുന്നത് മൂന്നാറിലെ കൈയേറ്റക്കാരോടൊ കോവളം കൊട്ടാരം
പിടിച്ചടക്കാന്‍ വന്നവരോടൊ മറ്റോ ആയിരുന്നെങ്കില്‍ കേരളം ആവേശം കൊള്ളുമായിരുന്നു. കീരിയും
പാമ്പും പോലെ പരസ്പരം കടിച്ചുകീറുന്ന രണ്ടു
പാര്‍ട്ടി നേതാക്കള്‍ ഒരുമിച്ചിരുന്ന് മഞ്ഞുരുകുന്ന കാ
ഴ്ച കേരളം കാണാന്‍ കൊതിക്കുന്നതാണ്. അതു പറ്റില്ലെന്ന് പറയുന്നപിണറായി മനസിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യാതെ വയ്യ. സര്‍ക്കാരും പാര്‍ട്ടിയും എല്ലാം താനാണെന്നുള്ള അഹങ്കാരം. ശാന്തിയും സമാധാനവും എന്നത് മുഖ്യമന്ത്രി ആത്മാര്‍ഥതയില്ലാതെ പറയുന്നതാണെന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.
ലാവ്‌ലിന്‍ കേസ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന കാലത്ത്, വി.എസിന് അനുകൂലമായി വിഭാഗീയതയുടെ കഥകള്‍ അരങ്ങുതകര്‍ത്തപ്പോള്‍ മാധ്യമ സിന്‍ഡിക്കേറ്റിന്റെ അതിക്രമത്തിനെതിരേ ഹാലിളകിയിട്ടുണ്ട് പിണറായി. മാതൃഭൂമിയുടെ പത്രാധിപരെ 'എടോ ഗോപാലകൃഷ്ണാ' എന്നു പരസ്യമായി സംബോധന ചെയ്തതും ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രനെ 'പരനാറി' എന്നു വിളിച്ചതും ക്രൈസ്തവ മേലധ്യക്ഷനെ 'നികൃഷ്ടജീവി'യെന്ന് ആക്ഷേപിച്ചതും സാംസ്‌കാരിക കേരളം ഇപ്പോഴും നൊമ്പരത്തോടെ ഓര്‍ക്കുന്നുണ്ട്.
പൊലിസ് വകുപ്പുകൂടി കൈയില്‍വച്ചതു കൊണ്ടാണു മുഖ്യമന്ത്രി ക്രമസമാധാനത്തകര്‍ച്ചയുടെ ഒന്നാംപ്രതിയാകുന്നത്. ഭരണവീഴ്ചകളുടെയും ഉത്തരവാദി മുഖ്യമന്ത്രി തന്നെയാണെന്നു ഘടകകക്ഷികള്‍പോലും പറഞ്ഞുതുടങ്ങിയിരിക്കുന്നു. മുന്നണിക്കകത്തെ അസ്വസ്ഥതകള്‍ പറയുകയും വേണ്ട. കേരളം പനിച്ചുവിറച്ചപ്പോഴും വീണ വായിക്കുന്നതിലുള്ള ജനരോഷം, മൂന്നാര്‍ കുടിയേറ്റം ഒഴിപ്പിക്കല്‍, ഊര്‍ജസ്വലനായ ദേവികുളം സബ്കലക്ടറുടെ നാടുകടത്തല്‍, സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രശ്‌നം, ഡി.ജി.പി നിയമനം(വര്‍ഗീയവിഷം ഉള്ളില്‍ കൊണ്ടുനടന്ന സെന്‍കുമാറിനെ അകറ്റിനിര്‍ത്തിയെന്ന ദീര്‍ഘദൃഷ്ടി), കോവളം കൊട്ടാരം പ്രശ്‌നം ഇങ്ങനെ പ്രതിപക്ഷത്തിന് ആവശ്യത്തിലേറെ ആയുധം കൊടുത്തതു പിണറായി തന്നെയാണ്. അതു വേണ്ടത്ര സമര്‍ഥമായി ഉപയോഗിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞില്ലെങ്കിലും പിണറായി അസ്വസ്ഥനാവുന്നുണ്ട്. ഈ അസ്വസ്ഥതയും അസഹിഷ്ണുതയും തീര്‍ക്കേണ്ടതു മാധ്യമപ്രവര്‍ത്തകരുടെ നേരെയാണോ. ഭരണവീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന മാധ്യമങ്ങളെ ശത്രുക്കളായി കാണുന്നതു നല്ല ഭരണാധികാരിക്കു ചേര്‍ന്നതല്ല. നന്നായി ഭരിക്കുകയെന്നതു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചുമതലയാണെങ്കില്‍ ഇതിലെ വീഴ്ചകളും അപകടങ്ങളും ചൂണ്ടിക്കാട്ടേണ്ടതു മാധ്യമങ്ങളുടെ ചുമതലയാണ്.
ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയത് അദ്ദേഹത്തിന്റെ ക്ഷമ നശിച്ചിട്ടാണ്. ആ വൈക്ലഭ്യം മറച്ചുപിടിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ശ്രമമാണോ ഈ പ്രകടനത്തിനു കാരണമെന്നും തോന്നിപ്പോകുന്നുണ്ട്. മസ്‌ക്കറ്റ് ഹോട്ടലിലെ മാനേജരോടും പത്രക്കാരെ കടത്തിവിട്ടതിനു മുഖ്യമന്ത്രി ക്ഷോഭിച്ചു.
24 മണിക്കൂര്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിക്ക് അരിശം തീര്‍ന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് മസ്‌കറ്റ് ഹോട്ടല്‍ ജനറല്‍ മാനേജറെയും അസി. മാനേജറെയും വിളിച്ച് വിശദീകരണം തേടി. ഇത്തരം പരി
പാടികളില്‍ മാധ്യമപ്രവര്‍ത്തകരെ തടയാറില്ലെന്ന് അറിയിച്ചെങ്കിലും തൃപ്തിവരാതെ വിശദീകരണം എഴുതിവാങ്ങിയത്രേ.
ഇനിയും വൈകിയിട്ടില്ല. നാലുവര്‍ഷത്തോളമുമുണ്ട് മുമ്പില്‍. സഖാവ് പിണറായി വിജയന്‍ മുഖ്യമന്ത്രി പിണറായി വിജയനായി മാറാന്‍ ശ്രമിക്കണം. എങ്കില്‍, ഭരണത്തിന്റെ തുടക്കത്തില്‍ തോന്നിയ പ്രതീക്ഷയിലേക്കു തിരിച്ചുവരാനാവും. 'പിണറായിക്കെന്താ കൊമ്പുണ്ടോ' എന്നു സാധാരണക്കാര്‍പോലും ചോദിച്ചു പോകുന്നതാണ് ഇന്നലെ മസ്‌ക്കറ്റ് ഹോട്ടലില്‍ കണ്ട പൊറാട്ടു നാടകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."