കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം; അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി
കണ്ണൂര്‍: വിമാനത്താവള ഉദ്ഘാടനത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ കിയാല്‍ എംഡി വി. തുളസീദാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. അബൂദബിയിലേക്കുള്ള ആദ്യവിമാനത്തിലെ യാത്രക്കാരെ വായന്തോട് ജങ്ഷനില്‍ രാവിലെ ആറിന് സ്വീകരിക്കുന്നത് മുതല്‍ ഉദ്ഘാടന ദിവസത്തെ മുഴുവന്‍ പരിപാടികളുമായി ബന്ധപ്പെട്ട ഒരുക്കങ്ങളാണ് യോഗത്തില്‍ വിലയിരുത്തിയത്. ആദ്യവിമാനത്തിലേക്കുള്ള യാത്രക്കാരെ സ്വീകരിക്കുന്നതിന് വായന്തോട് ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിക്കും. വിമാനയാത്രക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവിടെ വച്ച് നല്‍കും. തുടര്‍ന്ന് യാത്രക്കാരെ അലങ്കരിച്ച നാലു ബസുകളില്‍ വിമാനത്താവളത്തിലെത്തിക്കും. യാത്രക്കാരുടെ ലഗേജുകള്‍ കൊണ്ടുപോകുന്നതിനായി പ്രത്യേക വാഹനവും ഏര്‍പ്പാടാക്കും. ഏഴിന് ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് മന്ത്രിമാരുടെയും വിശിഷ്ടാതിഥികളുടെയും നേതൃത്വത്തില്‍ യാത്രക്കാരെ സ്വീകരിക്കും.
ഉദ്ഘാടന വേദിയില്‍ 7.30 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ അനിതാ വേണു, വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍, വൈസ് പ്രസിഡന്റ് പി. അനില, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയാണ് കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യുക. തിരുവാതിര, കളരിപ്പയറ്റ്, വനിതാ കോല്‍ക്കളി, മോഹിനിയാട്ടം, ജുഗല്‍ബന്ദി, നാവികസേനയുടെ ബാന്‍ഡ് മേളം തുടങ്ങിയ പരിപാടികള്‍ വേദിയില്‍ നടക്കും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ കേളികൊട്ടോടു കൂടി വിമാനത്താവളം ഉദ്ഘാടച്ചടങ്ങിന് തുടക്കമാവും. 10 മണിക്കാണ് ഉദ്ഘാടന സമ്മേളനം ആരംഭിക്കുക. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 9.55ന് ദുബൈയിലേക്കുള്ള ആദ്യ യാത്രാവിമാനം ഇരുവരും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്നാണ് വിശിഷ്ടാതിഥികള്‍ ഉദ്ഘാടന വേദിയിലേക്കെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."