ജൈവ കൃഷിയുമായി മണ്ണിലിറങ്ങാന്‍ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍
താമരശ്ശേരി: തങ്ങള്‍ ചെയ്യുന്ന കൃഷി പൂര്‍ണമായും ജൈവ രീതിയിലാക്കാനൊരുങ്ങി പുതുപ്പാടിയിലെ കുടുംബശ്രീ സംഘശ്രീ ഗ്രൂപ്പുകള്‍. പുതുപ്പാടിയിലെ ഇരുപതോളം വരുന്ന ഗ്രൂപ്പുകളാണ് ജൈവകൃഷിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.
കുടുംബശ്രീ മിഷന്റെ ജൈവകൃഷി മാതൃക പിന്തുടര്ന്നാണ് ഇവര്‍ ഇനി കൃഷിയിറക്കുക. സുസ്ഥിര ജൈവകൃഷി നിലനിര്‍ത്തുന്നതിനായി ഓര്‍ഗാനിക് മാനദണ്ഡങ്ങള്‍ പ്രകാരം കൃത്രിമ വളങ്ങള്‍ ഉപയോഗിക്കാതെയുള്ള വിള ഉല്പാദനം, കന്നുകാലി വളര്‍ത്തല്‍, മണ്ണ് സംരക്ഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ പിന്തുടരുമെന്നും കൃഷി പ്രവര്‍ത്തനങ്ങളില്‍ നേരിട്ടോ പരോക്ഷമായോ കൃത്രിമ വളങ്ങള്‍, കുമിള്‍ നാശിനികള്‍, രാസ വളങ്ങള്‍, കൃത്രിമ ഹോര്‍മോണുകള്‍ ഉപയോഗിക്കില്ലെന്നും പ്രതിജ്ഞയെടുത്താണ് ഇവര്‍ കൃഷിക്കൊരുങ്ങുന്നത്.
കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയുടെ വിവരങ്ങളും ഗ്രൂപ്പിന്റെ വിവരങ്ങളും രേഖപ്പെടുത്തി രജിസ്ട്രേഷന് നടത്തും. തുടര്‍ന്ന് മണ്ണിന്റെ ഘടന മുതല്‍ പരിശോധിച്ച് പദ്ധതി പ്രകാരമുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കൃഷിയിടം തയ്യാറാക്കും. കൃഷി വകുപ്പ് അധികൃതര്‍ നേരിട്ട് വന്ന് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ജൈവകൃഷിയാണെന്ന് ഉറപ്പ് വരുത്തുന്നത്. പദ്ധതി വിശദീകരണ യോഗം ചെയര്‍പേഴ്സണ്‍ സീന ചന്ദ്രന് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ഷീബ സജി അധ്യക്ഷയായി. ബ്ലോക്ക് കോഡിനേറ്റര്‍ സുഫൈല്‍, ഷിജി വര്‍ഗീസ്, രമണി ഗോപാലന്, ബിന്ദു പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."