മഞ്ചേരിയിലെ ട്രാഫിക് പരിഷ്‌കാരം: അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനങ്ങള്‍
മഞ്ചേരി: മഞ്ചേരിയിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ടൗണ്‍ സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ച് ആര്‍.ടി.ഒയുടെ അനുമതി ലഭിച്ചു. ജില്ലാ കലക്ടറുടെ അനുമതികൂടി ലഭ്യമായാല്‍ ഉടന്‍ ടൗണ്‍ സര്‍വീസുകള്‍ തുടങ്ങുമെന്ന് മഞ്ചേരി ട്രാഫിക്ക് എസ്.ഐ അലവിക്കുട്ടി പറഞ്ഞു. വേട്ടേക്കോട്, കീഴിശ്ശേരി, പൂക്കോട്ടൂര്‍ ഭാഗത്തുനിന്നുള്ള മിനി ബസുകളായിരിക്കും ടൗണ്‍ സര്‍വീസ് നടത്തുക. മൂന്നു ബസ് സ്റ്റാന്റുകളിലേക്കും ഇത്തരം സര്‍വീസ് തുടങ്ങുന്നതോടെ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും. ഇതോടെ മെഡി.കോളജ്, ജില്ലാ കോടതി തുടങ്ങി പ്രധാന കേന്ദ്രങ്ങളിലേക്കും യാത്രക്കാര്‍ക്കു വേഗത്തില്‍ എത്തുന്നതിനും കൂടുതല്‍ സഹായകരമാവും.
നഗരത്തിലെ റോഡ് -അഴുക്കുചാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച്ച മുമ്പ് നടപ്പില്‍ വരുത്തിയ താത്കാലിക പരിഷ്‌ക്കാരത്തോടെയാണ് ഗതാഗത പ്രശ്‌നം വീണ്ടും രൂക്ഷമായത്. പുതിയ ഫോര്‍മുല കൂടുതല്‍ ഫലപ്രദമാക്കുമെന്നാണ് പൊലിസ് വിലയിരുത്തല്‍. അതേസമയം നിലവിലെ പരിഷ്‌കാരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇന്നലെ നഗരത്തില്‍ പ്രകടനങ്ങള്‍ നടത്തി. ടൗണ്‍ സംരക്ഷണ സമിതുടെ നേതൃത്വത്തില്‍ രാവിലെ നിലവിലെ പരിഷ്‌കാരത്തെ എതിര്‍ത്തുള്ള പ്രകടനം നടന്നു. വൈകുന്നേരത്തോടെ നിലവിലെ രീതി തുടരണമെന്നു ആവശ്യപ്പെട്ടും ഒരു വിഭാഗം പ്രകടനം നടത്തി. ഏതു നിലപാടെടുത്താലും ഒരു വിഭാഗം അതൃപ്തിയറിയിച്ചു സമര രംഗത്തിറങ്ങുന്നതാണ് ട്രാഫിക്ക് പൊലിസിനെ കുഴക്കുന്നത്.
ബസ് തൊഴിലാളികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, വ്യാപാരികള്‍ എന്നിവരാണ് സംഘടിതരായി ട്രാഫിക് പരിഷ്‌കാരത്തെ എതിര്‍ക്കാന്‍ പലപ്പോഴും രംഗത്തുവരാറുള്ളതെങ്കിലും നിലവിലെ താത്കാലിക പരിഷ്‌കാരത്തില്‍ മഞ്ചേരിയിലെ ടൗണ്‍ കേന്ദ്രീകരിച്ചുള്ള ഒരു വിഭാഗം കച്ചവടക്കാര്‍ കൂടുതല്‍ രൂക്ഷമായ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണിപ്പോള്‍. ഓവുചാല്‍ നിര്‍മാണവും സിഗ്നല്‍ ലൈറ്റുകളുടെ പുനസ്ഥാപിക്കലും നടന്നുകഴിഞ്ഞാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."